
സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമയുടെ ഷോ കാൻസൽ ചെയ്തതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
പ്രേക്ഷകരില്ലാത്തതിനാൽ ചില സിക്കന്ദർ ഷോകൾ റദ്ദാക്കപ്പെട്ടതായി ചലച്ചിത്ര നിരൂപകൻ അമോദ് മെഹ്‌റയാണ് റിപ്പോർട്ട് ചെയ്തത്. പിവിആർ ഐക്കൺ ഇൻഫിനിറ്റി അന്ധേരിയിൽ (മുംബൈ) ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന ചിത്രത്തിന്റെ ഷോയുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
SHOCKING.. Just heard shows of #Sikandar are being cancelled due to no audience. pic.twitter.com/4NBNjRoMfv
— Amod Mehra (@MehraAmod) March 31, 2025
സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാല്‍ത്തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു.
റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: Sikandar Shows Being Cancelled Due To No Audience