
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ജിബിലി ഇമേജുകൾ നിറയുകയാണ്. ജാപ്പനീസ് അനിമേഷൻ സ്റ്റൈലിലുള്ള ചിത്രങ്ങൾ ഒട്ടേറെപേരാണ് പങ്കുവച്ചത്. ഈ ട്രെൻഡിനൊപ്പം കൂടുകയാണ് മമ്മൂട്ടിയും ടീം ബസൂക്കയും. ബസൂക്കയിലെ പോസ്റ്ററിന്റെ ജിബിലി വേർഷൻ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനിയും സംവിധായകൻ ഡീനോ ഡെന്നീസും. 'ജിബിലി സ്റ്റൈൽ ബസൂക്ക' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ബസൂക്ക എന്ന സിനിമയ്ക്കായി കാത്തിരിപ്പിലാണ്. ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Team Bazooka recreates Ghibli style with posters