ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര് എന്തായിരിക്കും? വെളിപ്പെടുത്തി ദീപക് ദേവ്

'ഇത്തവണയും പൃഥ്വി ചോദിച്ചു അടുത്ത പടത്തിന്‍റെ പേര് ദീദിയെക്കൊണ്ട് തന്നെ അനൗണ്‍സ് ചെയ്യിപ്പിക്കട്ടെ എന്ന്'

dot image

വിവാദങ്ങൾക്ക് നടുവിലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര് എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ സംഗീത സംവിധായകൻ കൂടിയായ ദീപക് ദേവ്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

സിനിമയുടെ പേര് അസ്രയേല്‍ എന്നാകുമോയെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 'അസ്രയേല്‍ എന്നാണോ മൂന്നാം ഭാഗത്തിന്‍റെ പേര് എന്ന ചോദ്യത്തിനാണ് ദീപക് ദേവ് മറുപടി നൽകിയിരിക്കുന്നത്. 'അങ്ങനെയാണ് പ്രതീക്ഷ. അതെ. ഈ ഫ്രാഞ്ചൈസിന്‍റെ ഭാഗമായി വന്നു വീണ ചില തുടര്‍ച്ചകളാണ് അത്. ലൂസിഫര്‍ ചെയ്യുമ്പോള്‍ അങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല. ലൂസിഫര്‍ ചെയ്യുമ്പോള്‍ പൃഥ്വി പറഞ്ഞത് വളരെ ആധികാരികതയുള്ള ഒരു ശബ്ദം വേണമെന്നായിരുന്നു.

ആ ശബ്ദത്തില്‍ ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കെടാ എന്നൊരു സംഭവം ഉണ്ടാവണം. അവരുടെ ശബ്ദത്തില്‍ എമ്പുരാനേ എന്ന് വിളിച്ചുകഴിഞ്ഞാല്‍ എന്താണ് എമ്പുരാന്‍ എന്ന് എല്ലാവരും ചോദിക്കണം. അത് ഞാനും ചോദിച്ചു. അപ്പോഴാണ് പൃഥ്വി പറഞ്ഞത് അത് അടുത്ത പടത്തിന്‍റെ പേരാണെന്ന്. ഇത്തവണയും പൃഥ്വി ചോദിച്ചു അടുത്ത പടത്തിന്‍റെ പേര് ദീദിയെക്കൊണ്ട് തന്നെ അനൗണ്‍സ് ചെയ്യിപ്പിക്കട്ടെ എന്ന്. അതും ഒരു പ്രഖ്യാപനമായി മാറി', ദീപക് ദേവ് പറഞ്ഞു.

അതേസമയം, മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Content Highlights:  Deepak Dev reveals the title of Lucifer's third part

dot image
To advertise here,contact us
dot image