ഹ്യൂമറും ഇടിയും മാത്രമല്ല നല്ല കട്ട റൊമാൻസുമുണ്ട്, 'പഞ്ചാര പഞ്ചു'മായി നസ്‌ലെൻ; ആലപ്പുഴ ജിംഖാനയിലെ പുതിയ ഗാനം

ബോക്സിങ് പശ്ചാത്തലത്തിൽ ഒരു പ്രണയഗാനമായിട്ടാണ് 'പഞ്ചാര പഞ്ച്' ഒരുക്കിയിരിക്കുന്നത്

dot image

'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. 'പഞ്ചാര പഞ്ച്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസൻ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ്. വിഷ്ണു വിജയ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയ ആണ്. ചിത്രം ഏപ്രിൽ പത്തിന് പുറത്തിറങ്ങും.

ബോക്സിങ് പശ്ചാത്തലത്തിൽ ഒരു പ്രണയഗാനമായിട്ടാണ് 'പഞ്ചാര പഞ്ച്' ഒരുക്കിയിരിക്കുന്നത്. നസ്‌ലെനും അനഘ രവിയുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.

Content Highlights: Alappuzha Gymkhana new song out now

dot image
To advertise here,contact us
dot image