
എമ്പുരാൻ എന്ന സിനിമയുടെ റിലീസിന് മുൻപ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു പോസ്റ്ററുകളിൽ നിറഞ്ഞു നിന്ന ഡ്രാഗൺ ചിഹ്നം പതിപ്പിച്ച വസ്ത്രം ധരിച്ചുള്ള കഥാപാത്രം. ഈ ചിഹ്നത്തെക്കുറിച്ച് നിരവധി ഫാൻ തിയറികളും പ്രചരിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്ന് എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിലെ വില്ലൻ കഥാപാത്രവുമായി ബന്ധപ്പെട്ടതായിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം ലൂസിഫറിൽ ഉടനീളം ഒരു ഡ്രാഗൺ ചിഹ്നമുള്ള സിപ്പോ ലൈറ്റർ ഉപയോഗിക്കുന്നുണ്ട്. ഇത് എമ്പുരാനിലെ വില്ലനായി പലരും കണക്ട് ചെയ്യുന്നുണ്ട്. ഇത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണോ അതോ ഒരു പൃഥ്വിരാജ് ബ്രില്യൻസാണോ എന്നാണ് പലരുടെയും സംശയം. ഇപ്പോൾ ആ സംശയത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇരുസിനിമകളുടെയും കലാസംവിധായകനായ മോഹൻദാസ്.
ലൂസിഫറിൽ വർക്ക് ചെയ്യുന്ന സമയം അത്തരമൊരു ആശയം തന്റെ മനസ്സിൽ ഇല്ലായിരുന്നു. അഞ്ചോളം ലൈറ്ററുകൾ തങ്ങൾ കൊണ്ടുവന്നിരുന്നുവെന്നും അതിൽ നിന്ന് സംവിധായകൻ പൃഥ്വിരാജ് തിരഞ്ഞെടുത്തതാണ് ഈ ലൈറ്റർ എന്നും മോഹൻദാസ് പറഞ്ഞു. അന്ന് പൃഥ്വിയുടെ മനസ്സിൽ അത്തരമൊരു ആശയം ഉണ്ടായിരുന്നോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻദാസ്.
'അന്ന് അത്തരമൊരു ബ്രില്യൻസ് പ്ലാൻ ചെയ്തിരുന്നില്ല. ഒരു സിപ്പോ ലൈറ്റർ വേണമെന്ന് പൃഥ്വി പറഞ്ഞിരുന്നു. എന്നാൽ അതിൽ ഡ്രാഗൺ വേണമെന്ന് പറഞ്ഞതായി എനിക്ക് ഓർമ്മയില്ല. നമ്മൾ അഞ്ചോളം ലൈറ്ററുകൾ കൊണ്ടുവന്നിരുന്നു. അതിൽ നിന്ന് പൃഥ്വി തിരഞ്ഞെടുത്തതാണ് ഈ ലൈറ്റർ. ഇനി പുള്ളി അത്തരമൊരു ബ്രില്യൻസ് മനസ്സിൽ കണ്ടിരുന്നോ എന്ന് അറിയില്ല. നമ്മുടെ മനസ്സിൽ അത്തരമൊരു ചിന്ത പോയിട്ടില്ല. ഇപ്പോൾ അതൊരു ബ്രില്യൻസായി പലരും കാണുന്നുണ്ട്. അന്ന് സംവിധായകന് അത്തരമൊരു പോയിന്റ് ഓഫ് വ്യൂ ഉണ്ടായിരുന്നിരിക്കാം,' എന്ന് മോഹൻദാസ് പറഞ്ഞു.
അതേസമയം വിവാദങ്ങൾക്കിടയിലും എമ്പുരാൻ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. 200 കോടിയിലധികം രൂപയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.
Content Highlights: Art Director Mohan Das talks about the dragon lighter in Lucifer movie