ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന് ചരിത്ര നേട്ടം; തിയേറ്ററുകളിൽ 100 ദിനങ്ങളും 100 കോടിയും പിന്നിട്ട് 'മാർക്കോ'

തിയേറ്ററുകളിൽ നൂറ് ദിനം പിന്നിട്ട് മാർക്കോ സിനിമ

dot image

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'മാർക്കോ' തിയേറ്ററുകളിൽ 100 ദിനം പിന്നിട്ടു. ആദ്യമായി നിർമ്മിച്ച ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളിൽ പ്രദർശനം തുടർന്നതോടെ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം ഫെബ്രുവരി 14 നാണ് ഒടിടിയിൽ എത്തിയത്. ഇപ്പോഴും തിയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നുണ്ട്. തൃശൂർ വരാന്തരപ്പിള്ളിയിലെ ഡേവീസ് തിയേറ്ററിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്.

മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം ഇതിനകം ഏവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

5 ഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. ലോകോത്തര നിലവാരത്തിലാണ് ചിത്രം സംവിധായകൻ ഹനീഫ് അദേനിയും നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ഒരുക്കിയത്. ലോകം മുഴുവനും വലിയ സ്വീകരണവും ചിത്രത്തിന് ലഭിക്കുകയുണ്ടായി. ഏപ്രിലിൽ ചിത്രം കൊറിയൻ റിലീസിനായി ഒരുങ്ങുകയുമാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്. സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Marco movie completes 100 days in theaters

dot image
To advertise here,contact us
dot image