
വെബ് സീരീസുകൾക്ക് ഇപ്പോൾ വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്. ബ്രേക്കിംഗ് ബാഡ്, ഗെയിം ഓഫ് ത്രോൺസ് തുടങ്ങി നിരവധി സീരീസുകളാണ് ഇന്ത്യയിലടക്കം ആരാധകരെ സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോൾ ലോകത്താകമാനമുള്ള സീരീസ് പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുന്ന സീരീസ് ആണ് 'അഡോളസെൻസ്'. മാർച്ച് 13 ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഈ മിനി സീരീസ് മികച്ച പ്രതികരണം നേടി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഇപ്പോഴിതാ സീരിസിന്റെ വ്യൂവർഷിപ്പിനെപ്പറ്റിയുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസുകളായ ബ്രിഡ്ജർട്ടണിനെയും സ്ട്രെയിഞ്ചർ തിങ്‌സിനെയും അഡോളസെൻസ് മറികടന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 96.7 മില്യൺ വ്യൂസ് ആണ് റിലീസ് ചെയ്തു 17 ദിവസങ്ങൾകൊണ്ട് അഡോളസെൻസ് സ്വന്തമാക്കിയത്. അതേസമയം, സ്ട്രെയിഞ്ചർ തിങ്‌സ് സീസൺ ത്രീ 94.8 മില്യൺ വ്യൂസും ബ്രിഡ്ജർട്ടൺ സീസൺ 2 93.8 മില്യൺ വ്യൂസും ആണ് നേടിയത്. നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരീസുകളിൽ ഒൻപതാം സ്ഥാനത്താണ് അഡോളസെൻസ്. സ്ട്രെയിഞ്ചർ തിങ്‌സ് സീസൺ ത്രീ ഒൻപതും ബ്രിഡ്ജർട്ടൺ സീസൺ 2 പത്തും സ്ഥാനങ്ങളിലാണ് ഉള്ളത്.
തൻ്റെ സഹപാഠിയെ കൊലപ്പെടുത്തിയതിന് കൗമാരപ്രായക്കാരനായ ജാമി മില്ലറെ (ഓവൻ കൂപ്പർ) അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഭവങ്ങളാണ് അഡോളസെൻസിന്റെ കഥാപശ്ചാത്തലം. നാല് എപ്പിസോഡുകൾ അടങ്ങുന്ന സീരിസിലെ എല്ലാ എപ്പിസോഡും സിംഗിൾ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗംഭീര പ്രകടനമാണ് സീരിസിലെ അഭിനേതാക്കൾ എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്. സീരിസിലെ പ്രധാന കഥാപാത്രമായ ജെയ്മിയെ അവതരിപ്പിച്ച ഓവൻ കൂപ്പറിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. സ്റ്റീഫൻ ഗ്രഹാം, ആഷ്ലി വാൾട്ടേഴ്സ്, എറിൻ ഡോഹെർട്ടി, ഫെയ് മാർസെ എന്നിവരാണ് അഡോളസെൻസിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. വെറൈറ്റിയുടെ റിപ്പോർട്ട് പ്രകാരം ആദ്യ നാല് ദിവസങ്ങളിൽ 24.3 ദശലക്ഷം വ്യൂസ് ആണ് ഈ സീരീസ് നേടിയത്.
Content Highlights:Netflix series Adolescence surpasses Stranger things in views