
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെ പ്രശംസിച്ച് നടൻ റഹ്മാൻ. ആ സിനിമ നൽകിയ ദൃശ്യാനുഭവം തന്നെ വിട്ടുപോകുന്നില്ല. ഗംഭീരമായ സ്റ്റോറി ലൈനും എൻഗേജ് ചെയ്യിപ്പിക്കുന്ന തിരക്കഥയുമാണ് സിനിമയുടേത്. ഈ ചിത്രം തിയേറ്ററിൽ തന്നെ കാണേണ്ട ഒന്നാണെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.
'എമ്പുരാൻ കണ്ടതേയുള്ളൂ. ആ അനുഭവം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. ഈ സിനിമയുടെ സ്റ്റോറി ലൈൻ ഗംഭീരമാണ്. തിരക്കഥയാവട്ടെ ചിന്തിപ്പിക്കുന്നതും അതേസമയം എന്‍ഗേജ് ചെയ്യിപ്പിക്കുന്നതുമാണ്. മുരളി ഗോപിക്ക് കയ്യടി. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ അഭിനേതാക്കള്‍ അതിഗംഭീര പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഓരോ കഥാപാത്രത്തെയും ആശ്ചര്യപ്പെടുത്തും വിധം അവതരിപ്പിക്കുന്ന മോഹന്‍ലാലിനെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്?,'
'പക്ഷേ ഇവിടെ എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്‍റെ മികവാണ്. കഥയെയും കഥാപാത്രങ്ങളെയുമൊക്കെ ചേര്‍ത്ത് ഒരു സിനിമാറ്റിക് എക്സിപീരിയന്‍സ് ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. ഒരു നടന്‍ എന്ന നിലയില്‍ നമ്മുടെ സിനിമ അന്തര്‍ദേശീയ തലത്തില്‍ തിളങ്ങുന്നത് കാണുന്നത് ആവേശം പകരുന്നു. നമ്മള്‍ എല്ലാവരെ സംബന്ധിച്ചും അഭിമാന മുഹൂര്‍ത്തമാണ് ഇത്. ഈ ചിത്രം മിസ് ചെയ്യരുത്. ഇതൊരു മസ്റ്റ് വാച്ച് ആണ്. പിന്നെ നിര്‍മ്മാതാക്കളും ഒരു വലിയ കയ്യടി അർഹിക്കുന്നു,' എന്ന് റഹ്മാൻ കുറിച്ചു.
അതേസമയം, എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് ഉടൻ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 4 കട്ടുകളാണ് സിനിമയിൽ വരുത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവനായി ഒഴിവാക്കുകയും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സിനിമയിലെ നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിട്ടുമുണ്ട്.
Content Highlights: Rahman says that Empuraan is a must watch movie