
ദളപതി വിജയ്‌യെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ബീസ്റ്റ്. 2022 ൽ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ബോക്സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച വീര രാഘവൻ എന്ന കഥാപാത്രവും ലുക്കുമെല്ലാം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ വിജയ് ആരാധകർക്ക് ആഘോഷമാക്കാവുന്ന ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ച്ചേഴ്സ്.
സിനിമയ്ക്കായി വിജയ് നടത്തിയ ലുക്ക് ടെസ്റ്റിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പല ഗെറ്റപ്പുകളിലായി സ്റ്റൈലിഷ് ലുക്കിൽ വിജയ് എത്തുന്ന വീഡിയോ നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിജയ്‌യുടെ സ്റ്റൈലിനെയും സ്വാഗിനെയും വെല്ലാൻ ആരുമില്ലെന്നും ജോൺ വിക്കിന്റെ ഇന്ത്യൻ വേർഷനിൽ വിജയ്‌യെ നായകനാക്കാം എന്നുമാണ് പ്രേക്ഷകരുടെ കമന്റ്. സിനിമയേക്കാൾ നല്ലതാണ് ഈ വീഡിയോ എന്നും, ഇത്രയും നല്ല ലുക്കിനെ ഒരു മോശം സിനിമയ്ക്കായി ഉപയോഗിച്ചതിൽ നിരാശയുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.
The uber cool Look Test of Veera Raghavan🖤🔥#Beast pic.twitter.com/ke4RFXYSUG
— Sun Pictures (@sunpictures) April 1, 2025
സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ബീസ്റ്റ് നിർമിച്ചത്. സെൽവരാഘവൻ, പൂജ ഹെഗ്‌ഡെ, വിടിവി ഗണേഷ്, അപർണ ദാസ് തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. 150 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 200 കോടിക്ക് മുകളിൽ നേടിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്‌ക്കായില്ല. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യാഷ് നായകനായി എത്തിയ കെജിഎഫ് ചാപ്റ്റർ 2 വിനൊപ്പമായിരുന്നു ബീസ്റ്റ് റിലീസ് ചെയ്തത്. സിനിമയുടെ മോശം പ്രതികരണം കാരണം വലിയ വിമർശനങ്ങളായിരുന്നു സംവിധായകൻ നെൽസണ് ലഭിച്ചത്. സമൂഹ മാധ്യമങ്ങളിൽ നെൽസൺ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് സിനിമ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്.
Content Highlights: Thalapathy Vijay's Beast look test video goes viral