
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ലെവൽ മേക്കിങ് എന്നാണ് പല പ്രേക്ഷകരും സിനിമയെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജ് എന്ന സംവിധായകന് വലിയ പ്രശംസയും ലഭിക്കുന്നുണ്ട്. ഇപ്പോൾ പൃഥ്വി എന്ന സംവിധായകനൊപ്പം ചിത്രീകരണാനുഭവം പങ്കുവെക്കുകയാണ് എമ്പുരാന്റെ കലാസംവിധായകൻ മോഹൻദാസ്. പൃഥ്വിരാജ് എന്ന സംവിധായകന് എല്ലാ വിഷയത്തിലും വ്യക്തതയുണ്ടെന്നും അത്തരമൊരു സംവിധായകനൊപ്പം വർക്ക് ചെയ്യുക എന്നത് മികച്ച അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻദാസ്.
'പൃഥ്വിരാജ് എന്ന സംവിധായകന് നല്ല ക്ലാരിറ്റിയുണ്ട്. നമുക്കെല്ലാവർക്കും വേണ്ടത് നല്ല ക്ലാരിറ്റിയാണ്. ആ കാര്യത്തിൽ അദ്ദേഹം എക്സ്ട്രീം ലെവലാണ്. ഒരു രംഗത്തിൽ എന്ത് വേണം, എന്ത് വേണ്ട എന്ന് അദ്ദേത്തിന് വ്യക്തമായിട്ട് അറിയാം. നമ്മളോട് സ്ക്രിപ്റ്റ് ഡിസ്കസ് ചെയ്യുന്ന സമയം, എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അദ്ദേഹം പറയും. ഒരു കഥാപാത്രം ഒരു രംഗത്തിൽ എത്ര സ്റ്റെപ്പ് വെക്കണമെന്ന് പോലും അദ്ദേഹം പറയും. അപ്പോൾ നമുക്ക് സെറ്റ് അതിനനുസരിച്ച് ഒരുക്കാം. അനാവശ്യമായ പണച്ചെലവ് ഒഴിവാകും. അത്രത്തോളം ക്ലാരിറ്റിയുള്ള ആളാണ് പൃഥ്വി. അതിൽ കൂടുതൽ എന്താണ് വേണ്ടത്,'
'പൃഥ്വിയെ പോലെ ക്ലാരിറ്റിയുള്ള ആളുകൾക്കൊപ്പം വർക്ക് ചെയ്യുമ്പോൾ കൃത്യതയോടെ വർക്ക് ചെയ്യാൻ കഴിയും. അല്ലാത്ത പക്ഷം ഒരു ഫുൾ ഏരിയ സെറ്റിട്ട് അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും. പൃഥ്വിക്കൊപ്പം വർക്ക് ചെയ്യുമ്പോൾ അത് ഒഴിവാക്കാൻ പറ്റും,' എന്ന് മോഹൻദാസ് പറഞ്ഞു.
അതേസമയം വിവാദങ്ങൾക്കിടയിലും എമ്പുരാൻ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. 200 കോടിയിലധികം രൂപയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.
Content Highlights: Art Director Mohandas talks about Director Prithviraj