
'ആർ ആർ ആർ ' എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സിനിമയൊരുക്കുകയാണ് എസ് എസ് രാജമൗലി. 'എസ്എസ്എംബി 29' എന്നാണ് സിനിമയ്ക്ക് താൽകാലികമായി പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറക്കാന്‍ ഉദ്ദേശിച്ച സിനിമയ്ക്ക് ഒരു ഭാഗം മാത്രമേ ഉണ്ടാക്കുകയുള്ളൂ. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സിനിമയ്ക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടാകുന്നത് സര്‍വ്വ സാധാരണമായിത്തീര്‍ന്നു എന്നും അതൊരു ട്രെൻഡ് ആയി തുടരുന്നു എന്ന കാരണം കൊണ്ട് കൂടിയാണ് രാജമൗലി ഈ തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പലരും സാമ്പത്തികലാഭം മാത്രം നോക്കിയാണ് സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും രാജമൗലിക്ക് അഭിപ്രായമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ സിനിമയുടെ ദൈർഘ്യം കൂടും. ചിത്രത്തിന് മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആദ്യം രണ്ട് ഭാഗങ്ങളായി ആലോചിച്ചിരുന്ന പ്രോജക്റ്റ് ഒറ്റ ചിത്രമായി മാറ്റാന്‍ രാജമൗലി നേരത്തേ തീരുമാനം എടുത്തിരുന്നെന്നും തിരക്കഥയില്‍ അതിനായുള്ള മാറ്റങ്ങള്‍ വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഉടനെ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.
ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Content Highlights: Reports say there will be no sequel to Rajamouli's Rs 1000 crore film