
സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും കാര്യമായ ചലനം സിനിമയ്ക്ക് ഉണ്ടാക്കാനാകുന്നില്ല. റിലീസ് ചെയ്ത് നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ഷാരൂഖ് ചിത്രം ഡങ്കിയെപ്പോലും സിക്കന്ദറിന് മറികടക്കാനായില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
84.25 കോടിയാണ് സിക്കന്ദറിന്റെ ഇതുവരെയുള്ള കളക്ഷൻ. നാലാം ദിവസമായ ഇന്നലെ വെറും 9.75 കോടി മാത്രമാണ് സിനിമയ്ക്ക് സ്വന്തമാക്കാനായത്. ഇത് സിക്കന്ദർ ഇതുവരെ നേടിയതിൽ ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ്. അതേസമയം, ഷാരൂഖ് സിനിമയായ ഡങ്കി നാല് ദിവസം കൊണ്ട് നേടിയത് 105.84 കോടി ആയിരുന്നു. ആദ്യ ദിനം 26 കോടി നേടിയ സിക്കന്ദർ ഈദ് ദിനത്തിൽ 29 കോടി സ്വന്തമാക്കി. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 141.15 കോടി സിനിമ നേടിയെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. പ്രേക്ഷകരില്ലാത്തതിനാൽ സിക്കന്ദറിന്റെ ചില ഷോകൾ റദ്ദാക്കപ്പെട്ടതായി ചലച്ചിത്ര നിരൂപകൻ അമോദ് മെഹ്‌റ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാൽ തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു. റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: Sikandar struggles at box office fails to cross 100 crores