
നാനി നായകനാകുന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ക്ക് മേൽ വലിയ പ്രതീക്ഷകളുമുണ്ട്. ഇപ്പോഴിതാ ഒടിടി അവകാശം വമ്പൻ തുകയ്ക്ക് വിറ്റുപോയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. 54 കോടിക്കാണ് സിനിമയുടെ ഡിജിറ്റൽ അവകാശം വിറ്റുപോയത് എന്നാണ് സൂചന. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറെയാണ് ചിത്രത്തിൽ നാനി അവതരിപ്പിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ അവസാനം നടൻ കാർത്തി ഒരു കാമിയോ വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. റ്റ് നാലാം ഭാഗത്തിൽ നായകനായി എത്തുന്നത് കാർത്തിയാകും എന്നും സൂചനയുണ്ട്. നേരത്തെ ഹിറ്റ് നാലാം ഭാഗം തമിഴിൽ ആകും ചെയ്യുന്നതെന്നും മൂന്നാം ഭാഗത്തിന്റെ അവസാനം തമിഴിൽ നിന്നൊരു നടൻ കാമിയോ വേഷത്തിൽ എത്തുമെന്നും നാനി പറഞ്ഞിരുന്നു.
ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷകപ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായി എത്തുന്നത്. സൂര്യ ശ്രീനിവാസ്, റാവു രമേശ് എന്നിവർക്കൊപ്പം ആദ്യ രണ്ട് സിനിമകളിലെ നായകന്മാരായ വിശ്വക് സെന്നും അദിവി ശേഷും സിനിമയിൽ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ സിനിമയായിട്ടാണ് ഈ നാനി സിനിമ പുറത്തിറങ്ങുന്നത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്കായി സംഗീതം നൽകുന്നത് മിക്കി ജെ മേയർ ആണ്.
Content Highlights: HIT 3 OTT rights sold for a whopping sum