ഇന്ത്യയിലുള്ള റീ എഡിറ്റ്ഡ് എമ്പുരാൻ അല്ല, 'ഫാമിലി ഫ്രണ്ട്‌ലി' പതിപ്പ്; പ്രഖ്യാപനവുമായി യുകെ വിതരണക്കാര്‍

'കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി 'ഫാമിലി ഫ്രണ്ട്‌ലി' ആയ മറ്റൊരു പതിപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍'

dot image

ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ നേടുന്നത്. ഉള്ളടക്കം സംബന്ധിച്ച സംഘപരിവാർ പ്രതിഷേധങ്ങൾ മൂലം ഇന്ത്യയിൽ റിലീസ് ചെയ്ത സിനിമയുടെ പതിപ്പിൽ ചില രംഗങ്ങൾ റീ എഡിറ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്‍ടി ഫിലിംസ്.

യുകെയിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പതിപ്പിൽ രംഗങ്ങൾ ഒന്നും എഡിറ്റ് ചെയ്തിട്ടില്ലെന്നും എന്നാൽ ചിത്രത്തിന്‍റെ മറ്റൊരു പതിപ്പ് തിയറ്ററുകളിലെത്തിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും ആര്‍എഫ്ടി ഫിലിംസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 'എമ്പുരാനില്‍ കട്ടുകള്‍ ഉണ്ടായിരിക്കില്ല. അതേസമയം കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി 'ഫാമിലി ഫ്രണ്ട്‌ലി' ആയ മറ്റൊരു പതിപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. ഇന്ത്യയില്‍ റിലീസ് ചെയ്ത റീ എഡിറ്റഡ് പതിപ്പുമായി ഈ പതിപ്പിന് ബന്ധമുണ്ടാകില്ല' എന്നും ആര്‍എഫ്‍ടി ഫിലിംസ് അറിയിച്ചു.

24 കട്ടുകളാണ് ഇന്ത്യയിൽ റിലീസ് ചെയ്ത സിനിമയുടെ പതിപ്പിൽ വരുത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവനായി ഒഴിവാക്കുകയും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സിനിമയിലെ നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കിയിട്ടുമുണ്ട്.

അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.

Content Highlights: No cuts in Empuraan for the UK release

dot image
To advertise here,contact us
dot image