'ചെകുത്താ'ന് മുന്നിൽ അടിയറവ് പറഞ്ഞ് മഞ്ഞുമ്മലിലെ പിള്ളേർ; വീണ്ടുമൊരു ഇൻഡസ്ട്രി ഹിറ്റുമായി മോഹൻലാൽ

റിലീസ് ചെയ്ത് ദിവസങ്ങൾ കഴിയുമ്പോഴും മറ്റു സിനിമകളെ പിന്തള്ളി ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയിൽ ചിത്രം ഒന്നാമതായി തുടരുകയാണ്

dot image

ലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. ​​ഇപ്പോഴിതാ ഇൻഡസ്ട്രി ഹിറ്റെന്ന ലേബൽ കൂടി എമ്പുരാൻ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്. ഇതോടെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും ഈ മോഹൻലാൽ സിനിമ സ്വന്തമാക്കി. റിലീസ് ചെയ്ത് ദിവസങ്ങൾ കഴിയുമ്പോഴും മറ്റു സിനിമകളെ പിന്തള്ളി ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയിൽ ചിത്രം ഒന്നാമതായി തുടരുകയാണ്. ചിത്രത്തിന്റെ വൻ വിജയത്തിൽ നിർമാതാക്കൾ പ്രേക്ഷകരോട് നന്ദി അറിയിച്ചു. 'ഈ നിമിഷം ഞങ്ങൾക്ക് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ സന്തോഷത്തിനും, ഓരോ കണ്ണീരിനും കൂടി അവകാശപ്പെട്ടതാണ്', എന്നാണ് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 84.53K ടിക്കറ്റാണ് എമ്പുരാൻ വിറ്റത്.

ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 103.25 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ഓവർസീസിൽ ഛാവയുടെ കളക്ഷനെയാണ് എമ്പുരാൻ പിന്നിലാക്കിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.

അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.

Content Highlights: Empuraan becomes industry hit beating manjummel boys

dot image
To advertise here,contact us
dot image