
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. സിനിമയുടേതായി പുറത്തുവരുന്ന എല്ലാ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മമ്മൂക്കയുടെ സ്റ്റൈലൻ ലുക്കിലുള്ള കലക്കൻ പോസ്റ്ററുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. എന്നാൽ ഇതുവരെ ആരാധകർ കണ്ട ലുക്ക് മാത്രമല്ല സിനിമയിൽ മമ്മൂട്ടിക്ക് ഉള്ളതെന്നും മറ്റൊരു ഗെറ്റപ്പ് കൂടെ ഉണ്ടെന്നും പറയുകയാണ് നടൻ സിദ്ധാർത്ഥ് ഭരതൻ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മമ്മൂക്ക രണ്ട് ലുക്കിലാണ് വരുന്നത്. രണ്ടും അടിപൊളിയാണ് കാണാൻ. ഗൗതം വാസുദേവിന്റെ പ്രകടനവും മികച്ചതാണ്. നല്ല ആക്ഷൻ പീസസ് ചിത്രത്തിലുണ്ട്. അതൊക്കെ ഇൻട്രസ്റ്റിങ് ആണ്,' സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു. ന്യൂജെൻ സ്റ്റെെലില്‍ വന്ന മമ്മൂക്കയുടെ ലുക്കിൽ ഫ്ലാറ്റായ ആരാധകരെ അതിലും മേലെ ത്രിൽ അടിപ്പിക്കുമോ അടുത്ത ലുക്ക് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സിനിമയുടെ റിലീസിന് മുന്നേ അടുത്ത ലുക്ക് പുറത്തു വിടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും തിയേറ്ററിൽ സസ്പെൻസുകളുടെ പൂരമാകും ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Mammukka will be seen in 2 different looks in Bazooka ❗🔥
— Elton. (@elton_offl) April 5, 2025
One of them is still unrevealed and hope it's a stylish new one 🤘🔥 pic.twitter.com/I0C5U68oTl
അതേസമയം, സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയ്ലറിന് ലഭിച്ചത്. ബസൂക്കയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ പത്തിന് തിയേറ്ററുകളിലെത്തും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബസൂക്കയിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവിട്ടിരുന്നു. സയീദ് അബ്ബാസിന്റെ മ്യൂസിക്കിൽ ബിൻസ് ആണ് പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Siddharth Bharathan says Mammootty will appear in two looks in Bazooka