'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്ന് പൃഥ്വിരാജിനോട് ആന്റണി പെരുമ്പാവൂര്‍; 250 കോടിയ്ക്ക് പിന്നാലെ പുതിയ പോസ്റ്റ്

എമ്പുരാന്‍ വിവാദങ്ങള്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കും ഇടയിലാണ് പൃഥ്വിരാജിനൊപ്പമുള്ള ചിത്രവുമായി ആന്റണി എത്തിയിരിക്കുന്നത്.

dot image

ബോക്‌സ് ഓഫീസില്‍ 250 കോടി നേടിക്കൊണ്ട് മലയാള സിനിമാചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ് എമ്പുരാന്‍. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമാണ് എമ്പുരാന്‍. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചിത്.

ഈ നേട്ടത്തിന്റെ ആഘോഷത്തിനിടയില്‍ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിന്റെ മറ്റൊരു പോസ്റ്റ് ഇപ്പോള്‍ എത്തിയിരിക്കുകയാണ്. പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി പങ്കുവെച്ചിരിക്കുന്നത്. റിലീസിന് മുന്‍പ് നടന്ന എമ്പുരാന്റെ കേരളത്തിലെ പ്രമോഷന്‍ പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണിത്.

'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്ന ക്യാപ്ഷനും ഇതിനൊപ്പം ആന്റണി പെരുമ്പാവൂര്‍ നല്‍കിയിട്ടുണ്ട്. നേരത്തെ നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹിയായ സുരേഷ് കുമാറിന്റെ പ്രസ്താവനകളെ വിമര്‍ശിച്ചുകൊണ്ട് ആന്റണി പെരുമ്പാവൂര്‍ കുറിച്ച പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിരുന്ന സമയത്ത് ഇതേ വാചകമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് നടന്ന ചര്‍ച്ചയ്ക്ക് ശേഷം പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ പുതിയ പോസ്റ്റിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. എമ്പുരാനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളും പ്രചരണങ്ങളും തുടരുകയും, സിനിമ റീഎഡിറ്റിന് വിധേയമാവുകയും ചെയ്തിട്ടും എമ്പുരാന്‍ തിയേറ്ററുകളില്‍ നിന്നും നേടിയ റെക്കോര്‍ഡ് കളക്ഷനെ പുകഴ്ത്തുകയാണ് ആരാധകര്‍.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി, ആദായ നികുതി വകുപ്പ് എന്നിവയുടെ ഭാഗത്ത് നിന്നും എമ്പുരാന്‍റെ അണിയറപ്രവര്‍ത്തകരായ ഗോകുലം ഗോപാലന്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ നടപടി ഉണ്ടായതിനെ കുറിച്ചും ചിലര്‍ കമന്റുകളില്‍ കുറിക്കുന്നുണ്ട്.

അതേസമയം, ഇന്‍ഡസ്ട്രി ഹിറ്റെന്ന ലേബല്‍ കഴിഞ്ഞ ദിവസം തന്നെ എമ്പുരാന്‍ സ്വന്തം പേരിലാക്കിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ മറികടന്നത്. വിഷു റിലീസുകള്‍ വന്നാലും എമ്പുരാന്റെ ബോക്‌സ് ഓഫീസ് തേരോട്ടം മന്ദഗതിയിലാകില്ല എന്നാണ് ട്രാക്കേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പുറത്തും സിനിമ മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്.

Content Highlights: Antony Perumbavoor's new social media post and pics with Prithviraj

dot image
To advertise here,contact us
dot image