കടുത്ത പനിയിലും ലാൽ സാർ ഏഴ് ദിവസത്തോളം മഴയത്ത് നിന്ന് അഭിനയിച്ചു, 'തുടരും' നിരാശപ്പെടുത്തില്ലെന്ന് ഛായാഗ്രാഹകൻ

മറ്റേതെങ്കിലും നടനായിരുന്നെങ്കിൽ പനി മാറിയിട്ട് എടുക്കാമെന്ന് പറഞ്ഞേനെ പക്ഷേ ലാൽ സാർ നമുക്ക് ചെയ്യാം, കുഴപ്പമില്ല എന്നാണ് പറഞ്ഞത്

dot image

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഛായാഗ്രാഹകൻ ഷാജി കുമാർ. ചിത്രത്തിനായി കടുത്ത പനിക്കിടയിലും ഷൂട്ടിന് മുടക്കം വാരാതെ മോഹൻലാൽ ആറ്‌ ഏഴ് ദിവസം മഴത്തുള്ള സീനുകൾ പൂർത്തിയാക്കിയെന്ന് ഷാജി കുമാർ പറയുന്നു. സെറ്റിലെ കൂടെയുള്ളവരുടെ കംഫർട്ട് കൂടി കണക്കിലെടുക്കുന്ന നടനാണ് മോഹൻലാൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ തുടരുമിൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എവിടം വരെ പോകാം, ഏതാണ് അതിന്റെ അതിർവരമ്പ് എന്നൊക്കെയുള്ളത് മോഹൻലാൽ സാറിന് വ്യക്തമായി അറിയാം. എന്തായാലും അദ്ദേഹം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. സാറിന് കടുത്ത പനി ആയി ഇരുന്ന സമയത്ത് തുടർച്ചയായി ആറ്‌ ഏഴ് ദിവസം മഴത്തുള്ള ഷൂട്ട് ആയിരുന്നു. മറ്റേതെങ്കിലും നടനായിരുന്നെങ്കിൽ പനി മാറിയിട്ട് എടുക്കാമെന്ന് പറഞ്ഞേനെ പക്ഷേ സാർ ചെയ്യാം നമുക്ക്, കുഴപ്പമില്ല എന്നാണ് പറഞ്ഞത്. നമുക്ക് വേണ്ടെന്ന് പറയണമെന്ന് ഉണ്ടായിരുന്നു പക്ഷേ ഞങ്ങളത് പ്രകടിപ്പിച്ചില്ല കാരണം ഡേറ്റുകളുടെ പ്രശ്നമുണ്ടായിരുന്നു. അല്പം വിഷമത്തോടെ അതിന് സഹകരിച്ചു. ആ സമയത്ത് സാർ പറ്റില്ലെന്ന് പറഞ്ഞാൽ അവിടെ ഷൂട്ടിംഗ് നിൽക്കും. പക്ഷേ മോഹൻലാൽ സാർ കൂടെയുള്ളവരുടെ കംഫർട്ട് കൂടി കണക്കിലെടുത്താണ് അത്തരം തീരുമാനങ്ങൾ എടുക്കുന്നത്', ഷാജി കുമാർ പറഞ്ഞു.

മെയിൽ ആയിരുന്നു തുടരും റിലീസിന് പദ്ധതിയിട്ടിരുന്നത്. എന്നാലിപ്പോൾ ചിത്രം ഏപ്രിലിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും 'തുടരു'മിലേത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

Content highlights: DOP Shaji kumar talks about Mohanlal and Thudarum

dot image
To advertise here,contact us
dot image