
സുരേഷ് ഗോപിയുടെ ഏറെ ചര്‍ച്ചയായ ചില ഡയലോഗുകള്‍ വേദിയില്‍ അനുകരിക്കുന്ന ടിനി ടോമിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വെെറലായിരുന്നു. ജബൽപൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പ്രതികരണവും തൃശൂരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വൈറൽ ഡയലോഗുമായിരുന്നു ഉദ്ഘാടനവേദിയിൽ ടിനി ടോം മിമിക്രിയായി അവതരിപ്പിച്ചത്. ടിനി ടോം സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നു, കളിയാക്കുന്നു എന്നീ രീതികളിലായിരുന്നു സെക്കന്‍റുകള്‍ മാത്രം ദെെര്‍ഘ്യമുള്ള ഈ റീല്‍ വെെറലായത്. ഇപ്പോള്‍ ഈ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ടിനി ടോം.
വീഡിയോ എഡിറ്റ് ചെയ്ത് രാഷ്ട്രീയ വിരോധം തീർക്കരുത് എന്നാണ് ടിനി ടോം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം ഉദ്ഘാടന വേദിയിൽ നിന്നുള്ള തന്‍റെ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോയും ടിനി ടോം പങ്കുവെച്ചിട്ടുണ്ട്. ‘ഇതാണ് സത്യം …..ഉദ്ഘാടന ചടങ്ങിൽ നിർബന്ധിച്ചു സുരേഷേട്ടനെ അനുകരിപ്പിച്ചിട്ട് അതു മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത് … സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും,’ ടിനി ടോം കുറിച്ചു.
ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങളൊക്കെ ആരാണെന്നു ആയിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
Content Highlights: Tiny Tom clarification on Suresh Gopi's 'troll'