
രജനികാന്ത്, ദളപതി വിജയ്, സൂര്യ, അജിത് തുടങ്ങി തമിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ സിനിമകൾ നിർമിച്ച പ്രൊഡക്ഷൻ കമ്പനി ആണ് സൺ പിക്ചേഴ്സ്. സൂപ്പർസ്റ്റാർ ചിത്രമായ ജയിലർ 2 ഉൾപ്പെടെ നിരവധി പ്രതീക്ഷയുണർത്തുന്ന സിനിമകളാണ് അവരുടേതായി ഇനി വരാനിരിക്കുന്നത്. ഇപ്പോഴിതാ അടുത്തതായി സൺ പിക്‌ചേഴ്‌സിന്റെ നിർമാണത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിന്റെ അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം.
'മാസും മാജിക്കും കണ്ടുമുട്ടുന്നു' എന്ന ക്യാപ്ഷനോടെ ഇന്നലെ സൺ പിക്ചേഴ്സ് ഒരു പുതിയ സിനിമയുടെ അപ്ഡേറ്റ് എത്തുന്നു എന്ന വാർത്ത പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് സൺ പിക്‌ചേഴ്‌സ് അവരുടെ ഇതുവരെയുള്ള സിനിമകളുടെ വിഷ്വലുകൾ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ പുറത്തിറക്കി. ഇതോടെയാണ് ഇത് ഏത് സിനിമയുടെ അപ്ഡേറ്റ് എന്ന സംശയങ്ങൾ ആരാധകർ പ്രകടിപ്പിച്ച് തുടങ്ങിയത്. ജയിലർ 2 വിന്റെ അപ്ഡേറ്റ് ആണ് ഇതെന്നും അതല്ല രജനിയുടെ അടുത്ത ചിത്രമാകും ഇതെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. അതേസമയം, അല്ലു അർജുനും അറ്റ്ലീയും ഒന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം ആണ് ഈ അന്നൗൺസ്‌മെന്റിന് പിന്നിലെന്നാണ് മറ്റൊരു സംസാരം. നാളെ രാവിലെ 11 മണിക്ക് ആണ് അന്നൗൺസ്‌മെന്റ് എത്തുന്നത്.
Where Mass meets Magic🔥✨ A Magnum Opus update Tomorrow at 11 AM!#SunPictures pic.twitter.com/ShVGPtYjkL
— Sun Pictures (@sunpictures) April 7, 2025
പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയ കാലഘട്ടത്തിലേതുമാണെന്നാണ് സൂചന. ചിത്രത്തിൽ അഭിനയിക്കാനായി അല്ലു അർജുന് 175 കോടിയാണ് പ്രതിഫലം നൽകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒപ്പം സിനിമയുടെ ലാഭത്തിൽ നിന്നും 15 ശതമാനവും നിർമാതാക്കൾ അല്ലുവിന് നൽകേണ്ടി വരും. ബൾക്ക് ഡേറ്റുകളാണ് നടൻ സിനിമയ്ക്കായി അനുവദിച്ചിരിക്കുന്നത്.
Content Highlights: Allu Arjun - Atlee new movie announcement by Sun Pictures