ഇനി തകർക്കാൻ റെക്കോർഡ് എന്തെങ്കിലും ബാക്കിയുണ്ടോ?; യുഎഇയിൽ ചരിത്രമെഴുതി 'എമ്പുരാൻ'

എമ്പുരാൻ ഇതിനോടകം ആഗോളതലത്തിൽ 250 കോടി നേടിക്കഴിഞ്ഞു. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് ഇത്

dot image

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. ​​ഇപ്പോഴിതാ യുഎഇ ബോക്സ് ഓഫീസിൽ നിന്നും ചിത്രം ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

യുഎഇയിൽ എമ്പുരാൻ 500K ടിക്കറ്റുകൾ വിറ്റഴിച്ചിരിക്കുന്നു എന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ സിനിമ കൂടിയാണിത്. എമ്പുരാൻ ഇതിനോടകം ആഗോളതലത്തിൽ 250 കോടി നേടിക്കഴിഞ്ഞു. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് പോസ്റ്റർ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. 1 മില്യൺ ഡോളറാണ് സിനിമ ഇതുവരെ സൗദി അറേബ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഈ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ എന്നാണ് ട്രാക്കേഴ്സിന്‍റെ കണ്ടെത്തല്‍. 82,607 ടിക്കറ്റുകളാണ് ഒൻപതു ദിവസം കൊണ്ട് എമ്പുരാൻ സൗദി അറേബ്യയിൽ വിറ്റത്. ഇൻഡസ്ട്രി ഹിറ്റെന്ന ലേബൽ കഴിഞ്ഞ ദിവസം തന്നെ എമ്പുരാൻ സ്വന്തം പേരിലാക്കിയിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്. ചിത്രത്തിന്റെ വൻ വിജയത്തിൽ നിർമാതാക്കൾ പ്രേക്ഷകരോട് നന്ദി അറിയിച്ചു. 'ഈ നിമിഷം ഞങ്ങൾക്ക് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ സന്തോഷത്തിനും, ഓരോ കണ്ണീരിനും കൂടി അവകാശപ്പെട്ടതാണ്', എന്നാണ് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Content Highlights: Empuraan sold Half a million tickets in UAE

dot image
To advertise here,contact us
dot image