'ആദ്യ രണ്ട് ഷോ ക്യാന്‍സലായ പടം വിജയിക്കില്ലെന്ന് കരുതി', 'വീര ധീര സൂരൻ' പ്രതിസന്ധികളെ വിവരിച്ച് വിക്രം

'ആദ്യത്തെ ദിവസത്തെ കളക്ഷന്‍ നഷ്ടം വലുതാണ്. പക്ഷെ തിയേറ്ററില്‍ എത്തിയവര്‍ ചിത്രത്തെ ഏറ്റെടുത്തു'

dot image

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. വലിയ പ്രതീക്ഷകളോടെ എത്തിയ സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ സിനിമയുടെ റിലീസ് സംബന്ധിച്ച് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് വിക്രം. ആദ്യ രണ്ട് ഷോ ക്യാന്‍സലായ പടം വിജയിക്കില്ലെന്നാണ് കരുതിയതെന്നും എന്നാൽ സിനിമയെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദിയെന്നും വിക്രം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്റെ പ്രതികരണം.

'ജീവിതം, ഒന്നെയുള്ളൂ അത് ഇതിഹാസം പോലെ ജീവിക്കണം എന്നൊക്കെ പറഞ്ഞ് ഒരാള്‍ പോയേക്കാം. എന്നാല്‍ ഈ ജീവിതത്തില്‍ ഏതെങ്കിലും പ്രശ്നം എപ്പോഴെങ്കിലും ചുറ്റിത്തിരിഞ്ഞ് നമ്മുടെ മുന്നില്‍ വരും. അതിന് ഒരു ഉദാഹരണമാണ് വീര ധീര സൂരൻ. റിലീസിന് മുന്‍പ് ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറ‍ഞ്ഞത്. ഇത് ബ്ലോക് ബസ്റ്ററാകും, ഇത് പുതിയ രീതിയാണ്, ഇത് മാസായിരിക്കും, ഈ വര്‍ഷത്തെ മികച്ച പടമായിരിക്കും എന്നൊക്കെ. ഞങ്ങൾ എല്ലാവരും വളരെ ആവേശത്തിലായിരുന്നു, എന്നാല്‍ എല്ലാവര്‍ക്കും അറിയും പോലെ ഒരു നിയമപ്രശ്നം വന്നു. ഹൈക്കോടതി ഒരാഴ്ച റിലീസ് വിലക്കി.

ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ, എന്നാല്‍ ഈ ചിത്രം എങ്ങനെയും ഫാന്‍സിന് എത്തിക്കണം എന്നാണ് ഞാനും സംവിധായകന്‍ അരുണും നിര്‍മ്മാതാവും അഭിനയിച്ചവരും എല്ലാവരും ആഗ്രഹിച്ചത്. ഫാന്‍സിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ കുറേനാളായി ആഗ്രഹിക്കുന്നു. അതെല്ലാം മനസില്‍ വച്ചാണ് കഷ്ടപ്പെട്ട് ഈ പടം ചെയ്തത്. എന്നാല്‍ അത് വരില്ല എന്ന് അറിഞ്ഞപ്പോള്‍ ശരിക്കും വിഷമിച്ചു.

എന്നാല്‍ എന്തെങ്കിലും സിനിമയ്ക്കായി ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്ത് ഒടുവില്‍ പടം റിലീസായി. എന്നാല്‍ ആദ്യ രണ്ട് ഷോ ക്യാന്‍സിലായ പടം പിന്നീട് വിജയിക്കില്ല എന്നാണ് കരുതിയത്. ഒപ്പം ആദ്യത്തെ ദിവസത്തെ കളക്ഷന്‍ നഷ്ടം വലുതാണ്. പക്ഷെ തിയേറ്ററില്‍ എത്തിയവര്‍ ചിത്രത്തെ ഏറ്റെടുത്തു. പ്രത്യേകിച്ച് കുടുംബങ്ങള്‍. അവരുടെയും മറ്റും വീഡിയോ ഞാന്‍ കണ്ടിരുന്നു അതെല്ലാം മനോഹരമാണ്,' വിക്രം പറഞ്ഞു.

Content Highlights:  Vikram describes the difficulties he faced on the release day of 'Veera Dheera Sooran'

dot image
To advertise here,contact us
dot image