
അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ അജിത് ഫാൻസിനായുള്ള പക്കാ ട്രീറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് ഏവരും. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അജിത് ആരാധകരെയും വിജയ് ഫാൻസിനെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ഗുഡ് ബാഡ് അഗ്ലിയില്‍ അജിത് ദളപതി വിജയ്‌യുടെ ഒരു ഡയലോഗ് പറയുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. വിജയ്‌യുടെ തുപ്പാക്കിയിലെ 'ഐ ആം വെയ്റ്റിംഗ്' എന്ന ഹിറ്റ് ഡയലോഗ് ആണ് അജിത് പറയുന്നത് എന്നാണ് ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതീക്ഷയോടെയാണ് ഇരു സൂപ്പർതാരങ്ങളുടെയും ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രൻ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ ഇതിനെക്കുറിച്ച് ഒരു സൂചന നൽകിയിരുന്നു. ദളപതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സർപ്രൈസുകൾ ഗുഡ് ബാഡ് അഗ്ലിയിൽ ഉണ്ടോയെന്ന ചോദ്യത്തിന് 'ഇനി കുറച്ച് ദിവസം കൂടിയല്ലേ ഉള്ളൂ, അത് ബിഗ് സ്‌ക്രീനിൽ തന്നെ കണ്ടറിയൂ', എന്നാണ് മറുപടി നൽകിയത്.
ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. ചിത്രത്തിൽ ഒരു വമ്പൻ കാമിയോ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സിലമ്പരസനായിരിക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിൽ എസ് ജെ സൂര്യ കാമിയോ വേഷത്തിലെത്തുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Ajith to say Thuppakki punchline in Good Bad Ugly