
വിഷു റിലീസുകൾക്കായി മലയാള സിനിമ ഒരുങ്ങിക്കഴിഞ്ഞു. ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ്സ്, ഗുഡ് ബാഡ് അഗ്ലി എന്നീ നാല് സിനിമകളാണ് ഇത്തവണ വിഷു ആഘോഷത്തിനായി എത്തുന്നത്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ഈ സിനിമകൾക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം മമ്മൂട്ടി ചിത്രമായ ബസൂക്കയാണ് അഡ്വാൻസ് ബുക്കിങ്ങിൽ ഒന്നാമത്. 633 ഷോകളിൽ നിന്ന് 54 ലക്ഷം രൂപയാണ് ബസൂക്കയുടെ അഡ്വാൻസ് സെയിൽ നേട്ടം. ചിത്രം ആദ്യ ദിനം ഒരു കോടിക്ക് മുകളിൽ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. 414 ഷോയിൽ നിന്ന് 36 ലക്ഷവുമായി നസ്‌ലെൻ ചിത്രം ആലപ്പുഴ ജിംഖാനായാണ് രണ്ടാം സ്ഥാനത്ത്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് എല്ലാ തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷൻ തന്നെ ആലപ്പുഴ ജിംഖാന നേടുമെന്നാണ് കണക്കുകൂട്ടൽ.
അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയാകട്ടെ 154 ഷോയിൽ നിന്ന് ഇതുവരെ നേടിയത് 15 ലക്ഷമാണ്. മലയാളം സിനിമകളുടെ റിലീസും തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന എമ്പുരാനും ഗുഡ് ബാഡ് അഗ്ലിയുടെ കുതിപ്പിന് വിലങ്ങുതടിയാകുന്നുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ ഗംഭീര ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബേസിൽ ജോസഫ് ചിത്രമായ മരണമാസ്സിനും ഇതുവരെ ബുക്കിംഗ് ഓപ്പൺ ആയ ചുരുക്കം സ്‌ക്രീനുകളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബേസിലിന്റെ തുടർച്ചയായുള്ള വിജയങ്ങൾ ഈ സിനിമയ്ക്കും ഗുണമാകുമെന്നാണ് പ്രതീക്ഷ.
Upcoming movies pre-sales 5PM (T-2) #Bazooka - ₹54L from 633 shows #AlappuzhaGymkhana - ₹36L from 414 shows #GoodBadUgly - ₹15L from 154 shows
— Forum Reelz (@ForumReelz) April 8, 2025
Data courtesy - @WhatTheFuss_
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ അജിത് ഫാൻസിനായുള്ള പക്കാ ട്രീറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് ഏവരും. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. കഴിഞ്ഞ ദിവസങ്ങളിലായി സിനിമയുടെ ട്രെയ്ലറും പാട്ടും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ അപ്ഡേറ്റുകൾക്ക് ലഭിക്കുന്നതും. . മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Alappuzha Gymkhana, Basooka advance booking reports