
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. കഴിഞ്ഞ ദിവസങ്ങളിലായി സിനിമയുടെ ട്രെയ്ലറും പാട്ടും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ അപ്ഡേറ്റുകൾക്ക് ലഭിക്കുന്നതും. ഇപ്പോൾ സിനിമയുടെ ദൈർഘ്യവും മറ്റ് സെൻസറിങ് വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
മമ്മൂട്ടി സ്റ്റൈലിഷ് റോളിലെത്തുന്ന സിനിമയുടെ ദൈര്‍ഘ്യം 154.27 മിനിറ്റാണ്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ചില രംഗങ്ങളിൽ മാറ്റം വരുത്തുവാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ എല്‍എസ്ഡി എന്ന വാക്ക് മാറ്റണമെന്നും ചില ചീത്ത വിളികള്‍ മ്യൂട്ട് ചെയ്യണമെന്നും സെൻസർ വിവരങ്ങളിൽ പറയുന്നുണ്ട്. ഏപ്രില്‍ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Bazooka movie runtime and other censor details out