
മോഹൻലാലിനൊപ്പം ‘തുടരും’ എന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ. ഒരു പുതുമുഖത്തിന്റെ ആത്മസമർപ്പണത്തോടെയും ആവേശത്തോടെയുമാണ് മോഹൻലാൽ സിനിമയെ സമീപിക്കുന്നതെന്നും അത് തന്നെ അതിശയിപ്പിച്ചുവെന്നും ബൃന്ദ കുറിച്ചു. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ബൃന്ദ മാസ്റ്ററിന്റെ കുറിപ്പ്.
‘ഇതിഹാസവും പരിപൂർണനുമായ അഭിനേതാവ്. ഏറ്റവും എളിമ നിറഞ്ഞ, മധുരമുള്ള, സ്നേഹനിധിയായ, കരുതലുള്ള, കഠിനാധ്വാനികളിൽ ഒരാളായ മോഹൻലാൽ സാറിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഒരു പുതുമുഖത്തിന്റെ അർപ്പണബോധത്തോടെയും ആവേശത്തോടെയും അദ്ദേഹം തന്റെ ജോലിയെ സമീപിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി. ജോലിയെ ആരാധനയായി കാണാനും അതിൽ എപ്പോഴും ഉറച്ചുനിൽക്കാനും എളിമയുള്ളവരായിരിക്കാനും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറാനുമൊക്കെ അദ്ദേഹം പഠിപ്പിക്കുന്നു’, ബൃന്ദ കുറിച്ചു.
ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തുന്നത്. ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ തുടരുമിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും 'തുടരു'മിലേത് എന്ന സൂചനയാണ് നേരത്തെ പുറത്തുവിട്ട ട്രെയ്‌ലർ നൽകുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Brindaa master about Mohanlal and Thudarum