'മമ്മൂക്ക കഴിഞ്ഞാൽ പുള്ളി തന്നെയാണ് ബെസ്റ്റ് ഓപ്ഷൻ'; 'കമൽയുഗം' വൈറലാകുന്നു

ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിച്ച വിവിധ ഭാവങ്ങൾക്കാണ് ഇവിടെ കമൽഹാസന്റെ മുഖം നൽകിയിരിക്കുന്നത്

dot image

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമാതാരങ്ങളുടെ വീഡിയോകൾ ഒരുക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയുമെല്ലാം അങ്ങ് ഹോളിവുഡിൽ എത്തിച്ച വീഡിയോകൾ വരെ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ അത്തരത്തിൽ കമൽഹാസന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കമലിനെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭ്രമയുഗം എന്ന സിനിമയിലെ കൊടുമൺ പോറ്റിയാക്കിയാണ് മാറ്റിയത്. ജയ്പ്രിന്റ്സ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഈ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിച്ച വിവിധ ഭാവങ്ങൾക്കാണ് ഇവിടെ കമൽഹാസന്റെ മുഖം നൽകിയിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ആരാധകർ നിരവധി കമന്റുകളാണ് പങ്കുവെക്കുന്നത്. മമ്മൂട്ടി കഴിഞ്ഞാൽ കൊടുമൺ പോറ്റിയാകാൻ ഏറ്റവും അനുയോജ്യൻ കമൽഹാസൻ തന്നെയായിരിക്കും എന്നാണ് പലരുടെയും അഭിപ്രായം.

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഭ്രമയുഗം'. ഹൊറർ ത്രില്ലർ ചിത്രമായി പുറത്തിറങ്ങിയ 'ഭ്രമയുഗം' വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 50 കോടിയാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിലെ മറ്റ് താരങ്ങൾ. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. ചിത്രമിപ്പോൾ സോണി ലൈവിലൂടെ ലഭ്യമാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ്.

Content Highlights: Kamal Haasan AI video as Koduman Potti in Bramayugam gone viral

dot image
To advertise here,contact us
dot image