ഇത്തവണയും വിജയം ആവർത്തിക്കുമോ ഈ ഹിറ്റ് കൂട്ടുകെട്ട്? മാരി സെൽവരാജ്- ധനുഷ് ചിത്രം പ്രഖ്യാപിച്ചു

കർണ്ണൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മാരി സെൽവരാജും ധനുഷും ഒന്നിക്കുന്ന സിനിമയാണിത്

dot image

പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെൽവരാജ്. മികച്ച എഴുത്തുകൊണ്ടും സംവിധാന മികവുകൊണ്ടും മാരി സെൽവരാജ് സിനിമകൾ എന്നും സംസാരവിഷയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മാരി സെൽവരാജ്.

ധനുഷിനെ നായകനാക്കിയാണ് മാരി സെൽവരാജ് പുതിയ ചിത്രമൊരുക്കുന്നത്. ഡി 56 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കർണ്ണൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മാരി സെൽവരാജും ധനുഷും ഒന്നിക്കുന്ന സിനിമയാണിത്. കർണ്ണന്റെ നാലാം വർഷത്തിലാണ് ഈ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. 'ഈ വർഷങ്ങളിലുടനീളം കർണനെ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. കൂടാതെ, എൻ്റെ അടുത്ത പ്രോജക്റ്റ് ഒരിക്കൽ കൂടി എൻ്റെ പ്രിയപ്പെട്ടവരോടൊപ്പം ആണെന്ന് പറയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഒരിക്കൽ കൂടി ധനുഷ് സാറുമായി കൈകോർക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്', എന്നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് മാരി സെൽവരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വേൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നിട്ടില്ല. അതേസമയം, ധ്രുവ് വിക്രമിനെ നായകനാക്കി ഒരുങ്ങുന്ന ബൈസൺ ആണ് ഇനി പുറത്തിറങ്ങാനുള്ള മാരി സെൽവരാജ് ചിത്രം. ഒരു സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ചിത്രത്തിന് സംഗീതം നല്കുന്നത് നിവാസ് കെ പ്രസന്നയാണ്.

Content Highlights: Maari Selvaraj - Dhanush film announcement

dot image
To advertise here,contact us
dot image