
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. കഴിഞ്ഞ ദിവസങ്ങളിലായി സിനിമയുടെ ട്രെയ്‌ലറും പാട്ടും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ അപ്ഡേറ്റുകൾക്ക് ലഭിക്കുന്നതും. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കുറിപ്പുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. വളരെ പുതുമ തോന്നിയ കഥ തനിക്ക് ആദ്യ കേൾവിയിൽ തന്നെ ഇഷ്ടമായെന്നും ഇനി പ്രേക്ഷകർക്കാണ് സിനിമ ഇഷ്ടപ്പെടേണ്ടതെന്നും മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
പ്രിയമുള്ളവരെ…
വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം ഞാൻ എത്തുകയാണ്, 'ഡിനോ ഡെന്നിസ്'. അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു.
ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്. എപ്പോഴും പറയാറുള്ളത് പോലെ പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകും.
അതിനൊപ്പം ഞാനും നിങ്ങളും നമ്മളും.
സ്നേഹപൂർവ്വം
മമ്മൂട്ടി
മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Mammootty about Deeno Dennis and Bazooka