
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചെതെന്ന് സംവിധായകൻ ശിവപ്രസാദ് റിപ്പോർട്ടറിനോട് പറഞ്ഞു. കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും ശിവപ്രസാദ് പ്രതികരിച്ചു.
'നിലവിൽ മരണമാസ്സ് സൗദിയിൽ റിലീസ് ചെയ്യാൻ പറ്റില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് കിട്ടിയ വിവരം ട്രാൻസ്ജെൻഡർ ആയ വ്യക്തി കാസ്റ്റിൽ ഉള്ളതുകൊണ്ടാണ് സിനിമയ്ക്ക് അവിടെ റിലീസ് ചെയ്യാൻ പറ്റാത്തത് എന്നാണ്. കുവൈറ്റിലും സിനിമ റിലീസ് ചെയ്യാനാകില്ലെന്നാണ് സെൻസർ ബോർഡ് പറയുന്നത്. സിനിമയിലെ ട്രാൻസ്ജെൻഡറിൻ്റെ സീനുകൾ ഒഴിവാക്കണമെന്ന് പറഞ്ഞ് കുവൈറ്റിൽ നിന്നും ഞങ്ങൾക്ക് നിർദ്ദേശം വന്നിട്ടുണ്ട്. അവിടെ അവരുടെ ഭാഗങ്ങൾ ഒഴിവാക്കിയാൽ റിലീസ് ചെയ്യാമെന്നാണ് പറയുന്നത്. പക്ഷെ സൗദിയിൽ സിനിമ റിലീസ് ചെയ്യാൻ കഴിയില്ല', ശിവപ്രസാദ് റിപ്പോർട്ടറിനോട് പറഞ്ഞു.
ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു ഡാർക്ക് കോമഡി ത്രില്ലർ ഴോണറിലാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: Maranamass banned in Saudi Arabia and Kuwait