
ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിലൂടെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ സിനിമയുടെ ബജറ്റ് സംബന്ധിച്ച അപ്ഡേറ്റാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ്, എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.
അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. ഈ ചിത്രത്തിനായി അറ്റ്ലീയുടെ പ്രതിഫലം 100 കോടിയാണ് എന്ന റിപ്പോർട്ടുകളുമുണ്ട്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും എന്നും സൂചനയുണ്ട്.
Content Highlights: Reports about Atlee and Allu Arjun movie budget