പൃഥ്വിരാജൊക്കെ കുട്ടിക്കാലത്ത് നമ്മുടെ മടിയിൽ ഇരുന്ന ആളാണ് , എമ്പുരാനിൽ വിളിക്കുമെന്ന് കരുതി; ബാബു ആന്റണി

'എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും ഇന്നുവരെ കിട്ടിയിട്ടില്ല. കൊള്ളാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചൊരു മിഠായി പോലും തന്നിട്ടില്ല'

dot image

എമ്പുരാനിൽ മോഹൻലാലിനൊപ്പം ബാബു ആന്റണി ആയിരുന്നുവെങ്കിൽ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ വന്നിരുന്നു. ഈ ട്രോളുകളോട് പ്രതികരിക്കുകയാണ് ബാബു ആന്റണി. അത്യാവശ്യം ആക്ഷൻ അറിയുന്ന ആളായതുകൊണ്ട് തന്നെ എമ്പുരാനിൽ തന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എമ്പുരാനിൽ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഇത്രയും വലിയൊരു സിനിമ വരുമ്പോൾ, പൃഥ്വിരാജൊക്കെ നമ്മുടെ മടിയിൽ ഇരുന്ന ആളാണ്. കാർണിവലിന്റെ ഒക്കെ സമയത്ത്. ഫഹദ്, ദുൽഖർ ഒക്കെ നമ്മുടെ മടിയിലിരുന്ന് കളിച്ച് വളർന്ന പിള്ളേരാണ്. വലിയൊരു സിനിമയല്ലേ എമ്പുരാൻ. അതും ആക്ഷൻ പടം. ആക്ഷൻ അത്യാവശ്യം നന്നായി ചെയ്യുന്ന ആളായത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊക്കെ അവരുടെ തീരുമാനങ്ങളാണല്ലോ. ഞാൻ ഉണ്ടാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു', ബാബു ആന്റണി പറഞ്ഞു.

'എന്റെ കൂടെ വന്ന് വലുതായ ഒന്ന് രണ്ട് സംവിധായകർ ഉണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ. അവരോട് എടാ ഒരു വേഷം താടാന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നിട്ടില്ല. പക്ഷേ ജനങ്ങളുടെ സ്നേഹം എന്നെ തിരിച്ച് കൊണ്ടുവന്നു. ഞാൻ പോലും തിരിച്ചറിയാത്തവരുടെ സ്നേഹം.

എനിക്ക് ഫാൻസ് ക്ലബ്ബൊന്നും ഇല്ല. പക്ഷേ ആളുകളുടെ സത്യസന്ധമായ സ്നേഹം ഭയങ്കരമായ കാര്യമാണ്. ദൈവാനു​ഗ്രഹമാണത്. എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും ഇന്നുവരെ കിട്ടിയിട്ടില്ല. കൊള്ളാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചൊരു മിഠായി പോലും തന്നിട്ടില്ല. അതൊന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അവാർഡുകൾ അല്ല ലക്ഷ്യം. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കണം. ഞാനൊരു എന്റർടെയ്നർ ആണല്ലോ', എന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു.

ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമിച്ച മരണമാസ്സ്‌ എന്ന ചിത്രത്തിൽ ഡിവൈഎസ്പി അജയ് രാമചന്ദ്രൻ എന്ന കഥാപാത്രമായി ബാബു ആന്റണി എത്തിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്കും ചിത്രത്തിലെ പ്രകടനത്തിന് ബാബു ആന്റണിയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടി ചിത്രമായ ബസൂക്കയിലും ബാബു ആന്‍റണി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Content Highlights:  Babu Antony says he thought he would be called in Empuran movie

dot image
To advertise here,contact us
dot image