
ബേസിൽ ജോസഫ് നായകനായെത്തിയ പുതിയ ചിത്രമാണ് മരണമാസ്സ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ ബസൂക്ക, ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാന, തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമയ്ക്കൊപ്പം ക്ലാഷ് റിലീസ് ചെയ്ത് മരണമാസ്സ് മികച്ച കളക്ഷൻ തന്നെ നേടിയതായുളള റിപ്പോർട്ടുകളാണ് വന്നിരിക്കുന്നത്.
ബേസിൽ ചിത്രം ആദ്യദിനത്തിൽ 1.1 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയതായാണ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോർട്ട്. മലയാളത്തിലും തമിഴിലുമായി മൂന്ന് ചിത്രങ്ങളോട് ക്ലാഷ് റിലീസ് ചെയ്ത് മികച്ച കളക്ഷൻ തന്നെ മരണമാസ്സിന് നേടാനായിട്ടുണ്ട് എന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ് എന്ന് പ്രേക്ഷകർ പറയുന്നു. രസകരമായ തിരക്കഥയ്ക്കും ശിവപ്രസാദിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്. ഇത്തരമൊരു രസകരമായ സിനിമ നിർമിച്ച ടൊവിനോ തോമസിനെയും പലരും പ്രകീർത്തിക്കുന്നുണ്ട്.
വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ.
ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: Basil Joseph movie Maranamass first day collection report