ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് രാജാവും 'കേസരി 2' കാണണം, അവർ ചെയ്ത തെറ്റ് തിരിച്ചറിയണം: അക്ഷയ് കുമാർ

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥപറയുന്ന ചിത്രമാണ് 'കേസരി ചാപ്റ്റര്‍ 2'

dot image

'കേസരി ചാപ്റ്റര്‍ 2' എന്ന തന്റെ വരാനിരിക്കുന്ന ചിത്രം ചാള്‍സ് രാജാവും ബ്രിട്ടീഷ് സര്‍ക്കാരും കാണണമെന്ന ആവശ്യവുമായി നടൻ അക്ഷയ് കുമാര്‍. തന്റെ സിനിമ കണ്ടുകഴിഞ്ഞാല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പുപറയുമെന്നും അക്ഷയ് കുമാർ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടൻ. ഏപ്രില്‍ 18-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

'അവര്‍ മാപ്പ് പറയണമെന്ന് പിച്ചപ്പാത്രവുമായി ഞാന്‍ യാചിക്കുകയല്ല. ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് രാജാവും കേസരി 2 കാണണം. ഈ ചിത്രം കണ്ട ശേഷം അവര്‍ തെറ്റ് തിരിച്ചറിയണം. മറ്റ് കാര്യങ്ങള്‍ അവരുടെ വായില്‍നിന്ന് സ്വാഭാവികമായി വരും. ക്ഷമാപണം തീര്‍ച്ചയായും സംഭവിക്കും, അത് സ്വാഭാവികമായി നടക്കും. എന്താണ് സംഭവിച്ചതെന്ന് അവര്‍ മനസിലാക്കണം. എന്റെ മുത്തച്ഛന്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ദൃക്‌സാക്ഷിയാണ്. അദ്ദേഹം എന്റെ അച്ഛനോടും അച്ഛന്‍ എന്നോടും സംഭവത്തിന്റെ കഥകള്‍ പറഞ്ഞുതന്നിട്ടുണ്ട്. ഞാന്‍ കുട്ടിക്കാലം തൊട്ട് കൂട്ടക്കൊലയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, അതിനാല്‍ ഈ ചിത്രം എനിക്ക് ഒരുപാട് വിശേഷപ്പെട്ടതാണ്. ആ സംഭവം എന്റെ മനസ്സില്‍ പതിഞ്ഞുകിടപ്പുണ്ട്. നാം ശരിക്കുമെന്താണോ അറിയേണ്ടത്, അത് ചരിത്രം പഠിപ്പിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം', അക്ഷയ് കുമാർ പറഞ്ഞു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥപറയുന്ന ചിത്രമാണ് 'കേസരി ചാപ്റ്റര്‍ 2'. 1919-ലെ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവായ ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടമാണ് ചിത്രത്തില്‍ പറയുന്നത്. നിറയെ ഇമോഷൻസും ഡ്രാമയുമുള്ള ഒരു പക്കാ കോർട്ട്റൂം സിനിമയാകും കേസരി 2 എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒപ്പം അക്ഷയ് കുമാറിന്റെ ഒരു ഗംഭീര തിരിച്ചുവരവിന് കൂടി ചിത്രം വഴിയൊരുക്കും എന്നാണ് ട്രെയ്‌ലറിലൂടെ മനസിലാകുന്നത്.

Content Highlights: Akshay Kumar wants British govt, King Charles to watch Kesari Chapter 2

dot image
To advertise here,contact us
dot image