അറിയാലോ മമ്മൂട്ടിയാണ്!, ബോക്സ് ഓഫീസിൽ കത്തിക്കയറിയോ ബസൂക്ക? ചിത്രത്തിൻ്റെ കളക്ഷൻ അറിയേണ്ടേ?

ബസൂക്കയുടെ ഇതുവരെയുള്ള കളക്ഷനാണ് ട്രാക്കര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്

dot image

മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന ചിത്രം ബസൂക്ക റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും വ്യത്യസ്തമായ വേഷവുമായെത്തിയ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്റെ തിരക്കഥയ്ക്ക് വിമർശനങ്ങൾ ലഭിക്കുമ്പോൾ സിനിമയുടെ അവസാനത്തെ ഇരുപത് മിനിറ്റിനും മമ്മൂട്ടിയുടെ പ്രകടനത്തിനും കയ്യടി ഉയരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.

ആഗോള ബോക്സ് ഓഫീസിൽ നിന്നും ബസൂക്ക ഇതുവരെ 15 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആഭ്യന്തര ബോക്സ് ഓഫീസിൽ 8.31 കോടി കടന്ന ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 50 ലക്ഷമാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 3.25 കോടി രൂപ നേടിയതായാണ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയ്ക്ക് 1.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിലൂടെ കളക്ഷൻ ലഭിച്ചത്. രണ്ടാം ദിവസം ബസൂക്ക 2.1 കോടി നേടിയപ്പോൾ മൂന്നാം ദിനത്തിൽ കളക്ഷൻ കുറഞ്ഞിരുന്നു. മൂന്നാം ദിവസം 1.85 കോടി രൂപ മാത്രമാണ് ബസൂക്കയ്ക്ക് നേടാൻ സാധിച്ചത്. നാലാം ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് 1.01 കോടി രൂപയാണ് എന്നാണ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്.

ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്.

Content Highlights: Bazooka worldwide collection report

dot image
To advertise here,contact us
dot image