ഫൈറ്റിൽ ഞെട്ടിക്കാനൊരുങ്ങി പ്രഭാസ്; സ്പിരിറ്റ് ഒരുങ്ങുന്നത് വമ്പൻ ആക്ഷൻ സീനുകളുമായി എന്ന് റിപ്പോർട്ട്

സ്പിരിറ്റിന്‍റെ ചിത്രീകരണ വേളയിൽ മറ്റൊരു പ്രോജക്ടും ഏറ്റെടുക്കരുതെന്നാണ് സന്ദീപ് റെഡ്ഡി പ്രഭാസിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്

dot image

അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക. രൺബീറിനെ നായകനാക്കി ഒരുക്കിയ അനിമലിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വരുന്ന അപ്ഡേറ്റ് ഏറെ ചർച്ചയാവുകയാണ്.

സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിനായി സന്ദീപ് കൊറിയയിൽ നിന്നും യു എസ്സിൽ നിന്നുമുള്ള അഭിനേതാക്കൾക്കായി തെരച്ചിൽ നടത്തുന്നെന്നും വമ്പൻ ആക്ഷൻ സീനുകൾ ആണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്. സ്പിരിറ്റിന്‍റെ ചിത്രീകരണ വേളയിൽ മറ്റൊരു പ്രോജക്ടും ഏറ്റെടുക്കരുതെന്നാണ് സന്ദീപ് റെഡ്ഡി പ്രഭാസിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ചിത്രത്തിനായി ഒരു വലിയ കോൾഷീറ്റ് നൽകണമെന്നും സംവിധായകൻ നടനെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രഭാസിന്റെ ലുക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന കാരണത്താലാണ് സംവിധായകൻ ഇത്തരമൊരു ആലോചനയിലേക്ക് എത്തിയത് എന്നാണ് സൂചന.

ഹൈദരാബാദിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ നടക്കുക. തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. 2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാൻ ആണ് അണിയറപ്രവർത്തകരുടെ പദ്ധതി. വമ്പൻ താരനിരയാണ് സിനിമയിലുള്ളത്. സിനിമയിൽ പ്രഭാസിനൊപ്പം മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമെന്ന റിപ്പോർട്ടുകളുണ്ട്.

Content Highlights: Spirit starts shooting from october

dot image
To advertise here,contact us
dot image