അന്ന് പൊൻമാൻ ഫഹദിനെ വെച്ച് ചെയ്യാൻ വിചാരിച്ചിരുന്ന സിനിമ: ആനന്ദ് മന്മഥൻ

ബ്രൂണോ എന്ന കഥാപാത്രം തന്നിലേക്ക് വന്നു ചേരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ആനന്ദ് മന്മഥൻ

dot image

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. പേക്ഷക-നിരൂപക പ്രശംസ വാങ്ങിയ ചിത്രത്തിൽ നടൻ ആനന്ദ് മന്മഥനും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബ്രൂണോ എന്നായിരുന്നു നടന്റെ കഥാപാത്രത്തിന്റെ പേര്. ഇപ്പോൾ ആ കഥാപാത്രത്തിന്റെ വിശേഷങ്ങൾ റിപ്പോർട്ടറുമായി പങ്കുവെക്കുകയാണ് ആനന്ദ് മന്മഥൻ.

കൊവിഡ് സമയത്താണ് താൻ നാലഞ്ച് ചെറുപ്പക്കാർ എന്ന പുസ്തകം വായിക്കുന്നത്. അന്ന് ബ്രൂണോ എന്ന കഥാപാത്രത്തെ ഏറെ രസകരമായി തനിക്ക് തോന്നി. ആദ്യം ഫഹദ് ഫാസിലിനെ വെച്ച് ചെയ്യാൻ വിചാരിച്ചിരുന്ന സിനിമയായിരുന്നു ഇത്. ഷൈൻ ടോം ചാക്കോയോ മറ്റോ ആയിരിക്കും ബ്രൂണോയെ അവതരിപ്പിക്കുക എന്നാണ് താൻ കരുതിയത്. എന്നാൽ 2024ൽ ആ കഥാപാത്രം തന്നിലേക്ക് വന്നു ചേരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് നടൻ പറഞ്ഞു.

'ഞാൻ നാലഞ്ച് ചെറുപ്പക്കാർ വായിക്കുന്നത് കൊവിഡ് സമയത്താണ്. ഇന്ദുഗോപൻ ചേട്ടന്റെ കഥകൾ വായിക്കുമ്പോൾ എപ്പോഴും സിനിമാറ്റിക് ആയി മനസ്സിൽ കാണാൻ കഴിയുമല്ലോ. അജേഷ് ആകാൻ പറ്റില്ല. അതുപോലെ മരിയാനോയെ മല പോലൊരു മനുഷ്യൻ എന്നാണല്ലോ ഡിഫൈൻ ചെയ്തിരിക്കുന്നത്. ബ്രൂണോയും രസകരമായ കഥാപാത്രമാണ് എന്ന് തോന്നി. അന്ന് അവരുടെ ചിന്ത ഫഹദ് ഫാസിലിനെ വെച്ച് ചെയ്യാനായിരുന്നു. അന്ന് അത് ഷൈൻ ടോം ചാക്കോയോ മറ്റും ചെയ്യുമായിരിക്കും എന്ന് കരുതി അത് ഷെൽഫിൽ വെച്ച് മടക്കി. 2024ൽ കറങ്ങി തിരിഞ്ഞ് അത് എന്നിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,' എന്ന് ആനന്ദ് മന്മഥൻ പറഞ്ഞു.

കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്. ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

Content highlights: Anand Manmadhan talks about Ponman movie

dot image
To advertise here,contact us
dot image