
സോഷ്യല്‍ മീഡിയയില്‍ വിജയ് ആരാധകരും അജിത് ആരാധകരും പരസ്പരം ഏറ്റുമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാലിപ്പോള്‍ വിര്‍ച്വല്‍ ലോകത്ത് നിന്നും മാറി റിയല്‍ വേള്‍ഡില്‍ ഒരു തര്‍ക്കം നടന്നിരിക്കുകയാണ്. അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ റിലീസ് ദിവസം പാലക്കാട്ടെ തിയേറ്ററിലാണ് അജിത് - വിജയ് ആരാധകർ തല്ലുകൂടിയത്. സംഭവത്തിന്റെ ദൃശ്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇരു ആരാധകരും ചേരിതിരിഞ്ഞ് തിയേറ്ററിന്റെ ഉള്ളില്‍ ഏറ്റുമുട്ടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
പാലക്കാട് സത്യ തിയേറ്ററില്‍ നിന്നുള്ളത് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വിജയ് - അജിത് ആരാധകര്‍ പരസ്പരം ആക്രോശിക്കുന്നതും തമ്മില്‍ തല്ലുന്നതും വീഡിയോയില്‍ കാണാം. സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെച്ചു. ചിത്രം കാണാനെത്തിയ വിജയ് ആരാധകര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കിയെന്നാണ് വീഡിയോ പങ്കുവെച്ച അജിത് ആരാധകര്‍ ആരോപിക്കുന്നത്. അങ്ങനെയല്ലെന്നാണ് വിജയ് ആരാധകരുടെ പക്ഷം. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
I don't know why these illiterate Vijay Fans are coming to Show off in a crowd packed with hardcore Ajith Fans.
— Unaɪse Reborn (@unnuviews) April 11, 2025
Again balamana Adi from Thala Fans to a gang of vijay Fans those came to ruin the #GoodBadUgly celebration inside Theatre .
Exclusive video from Sathya Theatre… pic.twitter.com/4DtXe86X9t
അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. തൃഷ, പ്രസന്ന, അര്‍ജുന്‍ ദാസ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. സിനിമയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ 100 കോടി കടന്നതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്‌ച മാത്രം 15 കോടി രൂപയാണ് സിനിമയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ. ഇതോടെ എല്ലാ ഭാഷകളിലുമായി 101.30 കോടി ഇന്ത്യൻ നെറ്റ് കളക്ഷൻ സിനിമ സ്വന്തമാക്കി കഴിഞ്ഞു. ആഗോളതലത്തിലാകട്ടെ സിനിമ 150 കോടിയിലധികം രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്.
Content Highlights: Ajith - Vijay fan fight at Palakkad theatre