'ഗുഡ് ബാഡ് അഗ്ലി'ക്കെതിരെ ഇളയരാജ; 5 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് ഇളയരാജ നോട്ടീസ് അയച്ചു

dot image

അജിത്ത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ നടപടിയുമായി ഇളയരാജ. താന്‍ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് അദ്ദേഹം നോട്ടീസ് അയച്ചു. 5 കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്.

നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്. സ്‌റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സറ്റുഡിയോ,വ്യക്തികള്‍,നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഗുഡ് ബാഡ് അഗ്ലി നിര്‍മാതാക്കള്‍ ഇളയരാജയുടെ നോട്ടീസിനോട് നിലവില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം തിയേറ്ററുകളില്‍ മികച്ച പെര്‍ഫോമന്‍സാണ് സിനിമ നടത്തുന്നത്. അജിത്ത് ആരാധകര്‍ ആഘോഷമാക്കുന്ന ചിത്രം ആദിക് രവിചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 10ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ 100 കോടി പിന്നിട്ടുകഴിഞ്ഞു.

Content Highlights: Ilaiyaraaja sends notice asking for compensation from Good Bad Ugly producers

dot image
To advertise here,contact us
dot image