'മോഹൻലാൽ ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ കോരിത്തരിച്ചു'; തുടരും പ്രൊമോ സോങ്ങിന് ഹൈപ്പ് കൂട്ടി M G ശ്രീകുമാർ

'സാധാരണഗതിയിൽ ഒരു പ്രൊമോ ഷൂട്ടിനായി ഒന്ന്-രണ്ട് ദിവസം മെനക്കെട്ട് മോഹൻലാൽ വരാറില്ല. അങ്ങനെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല'

dot image

മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. ചിത്രത്തിന്റെ പ്രൊമോ സോങ്ങിന്റെ സ്റ്റില്ലുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ ആ ഗാനത്തെക്കുറിച്ചുള്ള ഹൈപ്പ് കൂട്ടിയിരിക്കുകയാണ് ഗായകൻ എം ജി ശ്രീകുമാറിൻറെ വാക്കുകൾ. 400 ഓളം ഡാൻസേഴ്സും വലിയ സെറ്റും എല്ലാമായി ഒരു പൂരമേളമായിരിക്കും ഇതിലെ പ്രൊമോ ഗാനം എന്നാണ് എം ജി ശ്രീകുമാർ പറയുന്നത്.

'സിനിമയിൽ നാല് പാട്ടുകളുണ്ട്. അതിൽ ഒരെണ്ണമാണ് ഈ പ്രൊമോ സോങ്. ഈ ഗാനം ചെയ്യാൻ പറ്റില്ല എന്ന് വെച്ചിരുന്നു. എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു, നമുക്ക് ഇത് ഷൂട്ട് ചെയ്താലോ എന്ന് മോഹൻലാൽ പറഞ്ഞു. സാധാരണഗതിയിൽ ഒരു പ്രൊമോ ഷൂട്ടിനായി ഒന്ന്-രണ്ട് ദിവസം മെനക്കെട്ട് മോഹൻലാൽ വരാറില്ല. അങ്ങനെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല. താനും വരാമെന്ന് ശോഭനയും പറഞ്ഞു. എന്നെ കൂടി ഏതെങ്കിലും ഒരു ഫ്രെയ്മിൽ കൊണ്ടുവരണേ എന്ന് ഞാനും പറഞ്ഞു. അങ്ങനെ ബൃന്ദ മാസ്റ്ററുടെ കൊറിയോഗ്രഫിയിൽ 400 ഓളം ഡാൻസേഴ്സും ഒക്കെയായി ഒരു പൂരമേളം. മോഹൻലാൽ, എന്റെ പൊന്നേ ഒരു രക്ഷയുമില്ല! അദ്ദേഹം ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് കോരിത്തരിച്ചു. അത്രയ്ക്ക് കളർഫുൾ,' എന്ന് എം ജി ശ്രീകുമാർ പറഞ്ഞു. കൈരളിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഏപ്രിൽ 25 നാണ് ചിത്രം തിയേറ്ററിലെത്തുക. ജനുവരി റിലീസായിട്ടായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ചില കാരണങ്ങളാൽ റിലീസ് നീട്ടുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

Content Highlights: MG Sreekumar talks about Thudarum movie promo song

dot image
To advertise here,contact us
dot image