
മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമയിലെ പ്രൊമോ ഗാനം സംബന്ധിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ഓൾ ടൈം ഹിറ്റുകളിൽ ഒന്നായ 'വേൽമുരുകാ…' പോലൊരു ഫാസ്റ്റ് ഗാനം തുടരും എന്ന ചിത്രത്തിലുണ്ടാകും എന്ന് ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ആരാധകർ ഗാനത്തിന്റെ ആവേശത്തിലുമാണ്.
കഴിഞ്ഞ ദിവസം ഗാനത്തിന്റെ സ്റ്റില്ലുകളും വൈറലായിരുന്നു. ഇതിന് പിന്നാലെ പ്രൊമോ സോങ്ങിന്റെ റിലീസ് എപ്പോൾ എന്നത് സംബന്ധിച്ചും ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തുമോ എന്നത് സംബന്ധിച്ചും ആരാധകർ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ഗാനം സിനിമയിൽ ഉണ്ടാകില്ല എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മാത്രമല്ല ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും ഈ ഗാനം റിലീസ് ചെയ്യുക എന്നും സൂചനകളുണ്ട്.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ എം ജി ശ്രീകുമാർ ഈ ഗാനത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. 'സിനിമയിൽ നാല് പാട്ടുകളുണ്ട്. അതിൽ ഒരെണ്ണമാണ് ഈ പ്രൊമോ സോങ്. ഈ ഗാനം ചെയ്യാൻ പറ്റില്ല എന്ന് വെച്ചിരുന്നു. എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു, നമുക്ക് ഇത് ഷൂട്ട് ചെയ്താലോ എന്ന് മോഹൻലാൽ പറഞ്ഞു. സാധാരണഗതിയിൽ ഒരു പ്രൊമോ ഷൂട്ടിനായി ഒന്ന്-രണ്ട് ദിവസം മെനക്കെട്ട് മോഹൻലാൽ വരാറില്ല. അങ്ങനെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല. താനും വരാമെന്ന് ശോഭനയും പറഞ്ഞു. എന്നെ കൂടി ഏതെങ്കിലും ഒരു ഫ്രെയ്മിൽ കൊണ്ടുവരണേ എന്ന് ഞാനും പറഞ്ഞു. അങ്ങനെ ബൃന്ദ മാസ്റ്ററുടെ കൊറിയോഗ്രഫിയിൽ 400 ഓളം ഡാൻസേഴ്സും ഒക്കെയായി ഒരു പൂരമേളം. മോഹൻലാൽ, എന്റെ പൊന്നേ ഒരു രക്ഷയുമില്ല! അദ്ദേഹം ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് കോരിത്തരിച്ചു. അത്രയ്ക്ക് കളർഫുൾ,' എന്നായിരുന്നു ഗാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
അതേസമയം ഏപ്രിൽ 25 നാണ് തുടരും തിയേറ്ററിലെത്തുക. ജനുവരി റിലീസായിട്ടായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ചില കാരണങ്ങളാൽ റിലീസ് നീട്ടുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
Content Highlights: New reports regarding Thudarum promo song