
നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസ് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ. വിൻ സി നൽകിയ പരാതിയെ ഗൗരവത്തോടെ തന്നെ കാണും. എന്നാൽ ഇത്തരമൊരു വിഷയത്തിൽ സിനിമാ സംഘടനകൾക്ക് എടുക്കാൻ കഴിയുന്ന നടപടികൾക്ക് പരിമിതികളുണ്ട്. കൃത്യമായ നിയമനടപടികളിലൂടെ മാത്രമാണ് ഇത്തരം വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയൂ എന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
'വ്യക്തിപരമായി പല ഊഹാപോഹങ്ങളും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു പരാതിയുണ്ടെങ്കിൽ മാത്രമേ നമുക്ക് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ വിൻ സി അലോഷ്യസ് ഇന്റേണൽ കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട് എന്നാണ് എനിക്ക് അറിയാൻ കഴിയുന്നത്. അടുത്ത ദിവസം തന്നെ ഐസി കൂടിയിട്ട് കൃത്യമായ മാർഗ്ഗനിർദ്ദേശം ആ സിനിമയുടെ നിർമാതാവിനും നിർമാതാക്കളുടെ സംഘടനയ്ക്കും നൽകും. ഇത് വളരെ ഗൗരവ സ്വഭാവമുള്ള പരാതിയാണ്. അത് അർഹിക്കുന്ന ഗൗരവത്തോടെ തന്നെ കാണും. സംഘടനാപരമായുള്ള എല്ലാ നടപടികളും ഉണ്ടാകും. വിൻ സിയോട് ഞാൻ സംസാരിച്ചിരുന്നു. അവർക്കും ഇതിൽ ആശങ്കകളുണ്ട്. ഇത്തരമൊരു പരാതി ഒരാൾ ധൈര്യപൂർവ്വം പറയുക എന്നത് തന്നെ അപൂർവ്വമായി നടക്കുന്ന കാര്യമാണ്. ആ വ്യക്തിക്കൊപ്പം നമ്മൾ നിൽക്കും. എന്നാൽ ഇത്തരമൊരു വിഷയത്തിൽ സിനിമാ സംഘടനകൾക്ക് എടുക്കാൻ കഴിയുന്ന നടപടികൾക്ക് പരിമിതികളുണ്ട്. കൃത്യമായ നിയമനടപടികളിലൂടെ മാത്രമാണ് ഇത്തരം വിഷയങ്ങൾക്ക് അന്തിമമായ പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ. അത് അധികാരികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍ സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻ സി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിന് നൽകുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: B Unnikrishnan comments on Vincy Aloshious complaint against Shine Tom Chacko