
നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസ് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി നടി രഞ്ജിനി. മലയാള സിനിമയിൽ കാലാകാലങ്ങളായി സംഭവിക്കുന്നതാണ് ഇതെന്നും അന്ന് ഡ്രഗ്സിന് പകരം മദ്യം ആയിരുന്നെന്നും രഞ്ജിനി പറഞ്ഞു. വിൻ സിയെ താൻ അഭിനന്ദിക്കുന്നു. കാരണം ധൈര്യമായിട്ടവർ ഇതിനെക്കുറിച്ച് സംസാരിച്ചു. പക്ഷെ ഈ സംഘടനകൾ ആ നടന്റെ പേര് പുറത്തുവിട്ടതിൽ വിൻ സി കുറച്ച് അസ്വസ്ഥയാണെന്നും രഞ്ജിനി റിപ്പോർട്ടറിനോട് പ്രതികരിച്ചു.
'ഇത് ഇപ്പോൾ മാത്രം സംഭവിക്കുന്ന ഒരു കാര്യമില്ല, എന്നും മലയാളം സിനിമയിൽ സംഭവിക്കുന്നതാണിത്. അന്ന് ഞാൻ അഭിനയിക്കുന്ന സമയത്ത് ഡ്രഗ്സ് വളരെ കുറവായിരുന്നു. പകരം മദ്യം ആയിരുന്നു കൂടുതൽ. ഞാനത് അനുഭവിച്ച ഒരു വ്യക്തിയുമാണ്. ഇതിനെക്കുറിച്ചുള്ള പ്രശ്നങ്ങൾ ആരും പുറത്ത് പറയില്ല കാരണം എല്ലാവർക്കും പേടിയാണ്. തങ്ങളുടെ അവസരങ്ങൾ നഷ്ടമാകും എന്ന പേടി കൊണ്ടാണ് പലരും ഇത് സഹിക്കുന്നത്.
ഞാൻ ഇന്ന് വിൻസിയെ അഭിനന്ദിക്കുന്നു. കാരണം ധൈര്യമായിട്ടവർ ഇതിനെക്കുറിച്ച് സംസാരിച്ചു. പക്ഷെ ഈ സംഘടനകൾ ആ നടന്റെ പേര് പുറത്തുവിട്ടതിൽ വിൻസി കുറച്ച് അസ്വസ്ഥയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ആഗസ്റ്റിൽ വന്നിട്ട് ഇതുവരെ ആയിട്ടും അതുമായി ബന്ധപ്പെട്ടു ഒരു അനക്കവും ഇല്ല. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇന്ന് വിൻസിയുടെ കേസ് വന്നതുപോലെ എത്ര വിൻസിമാർ നേരത്തെ ഉണ്ടായിരിക്കും', രഞ്ജിനി പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍ സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻ സി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന്‍ സി ഫിലിം ചേംബറിന് പരാതി നൽകുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിൻ സി ഫിലിം ചേംബറിന് പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Ranjini comments on Vincy Aloshious complaint against Shine Tom Chacko