
'ഇന്ത താടി ഇരുന്താൽ ആർക്കടെ പ്രച്ചന്നൈ...' തുടരും സിനിമയുടെ പുതിയ ടീസറിലെ ഈ ഡയലോഗ് ഇപ്പോൾ വൈറലാണ്. സമീപകാലത്തെ പല സിനിമകളിലും താടി വെച്ച് അഭിനയിക്കുന്നു എന്ന പേരിൽ മോഹൻലാലിന് നേരെ വലിയ തോതിൽ ട്രോളുകൾ ഉണ്ടാകുന്നുണ്ട്. ഈ ട്രോളുകൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയാണ് തുടരും സിനിമയിലെ ഈ രംഗം എന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. അൽപ്പം സെൽഫ് ട്രോൾ സ്വഭാവവുമുള്ള ഈ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഈ രംഗം ഏറെ ആസ്വദിച്ചാണ് മോഹൻലാൽ ചിത്രീകരിച്ചത് എന്നാണ് തരുൺ മൂർത്തി പറയുന്നത്. 'ഇന്ത താടി ഇരുന്താൽ യാർക്കടാ പ്രച്ചന്നൈ' എന്നുള്ള ഡയലോഗ് സ്ക്രിപ്റ്റിലില്ലായിരുന്നു. അത് മോഹൻലാൽ തന്നെ ഇംപ്രവൈസ് ചെയ്തതാണ് എന്നും തരുൺ വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലാലേട്ടനോട് ഞാൻ പറഞ്ഞു നമ്മൾ താടി സീക്വൻസാണ് എടുക്കുന്നത്, ഒരു സെൽഫ് ട്രോൾ പോലെയായിരിക്കും എന്ന്. അദ്ദേഹം അത് വായിച്ച് നോക്കി. എന്നിട്ട് പറഞ്ഞു 'എല്ലാവരും ട്രോളുന്നു, നമുക്കും ട്രോളാം' എന്ന്. അദ്ദേഹം ആ രംഗം ഏറെ എൻജോയ് ചെയ്തു. 'താടി ഇരുന്താൽ ആർക്കടെ പ്രച്ചന്നൈ' എന്നുള്ള ഡയലോഗ് സ്ക്രിപ്റ്റിലില്ല. അത് ലാലേട്ടൻ ഇംപ്രവൈസ് ചെയ്തതാണ്. ശോഭന മാഡം നടന്നു പോകുമ്പോൾ 'ആ താടി അവിടെ ഇരുന്നാൽ മതി' എന്ന് പറയുകയും 'ഇല്ല വെട്ടുന്നില്ല' എന്ന ലാലേട്ടന്റെ മറുപടിയും മാത്രമായിരുന്നു സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്,' എന്ന് തരുൺ മൂർത്തി പറഞ്ഞു.
അതേസമയം ഏപ്രിൽ 25 നാണ് തുടരും തിയേറ്ററിലെത്തുക. ജനുവരി റിലീസായിട്ടായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ചില കാരണങ്ങളാൽ റിലീസ് നീട്ടുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
Content Highlights: Tharun Moorthy talks about the beard scene in Thudarum movie