ഇത് താൻടാ ദളപതി പവർ ! 20 വർഷത്തിന് ശേഷവും തിയേറ്ററിൽ ആളെ നിറച്ച് വിജയ് ചിത്രം

ചിത്രം ബുക്ക് മൈ ഷോ വഴി 75000ന് മുകളിൽ ടിക്കറ്റുകൾ വിറ്റെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

dot image

വിജയ്‌യെ നായകനാക്കി ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് സച്ചിൻ. വിജയ്‌യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് വലിയ ആരാധകരാണുള്ളത്. ചിത്രത്തിലെ വിജയ്‌യുടെ പ്രകടനവും ഏറെ വ്യത്യസ്തമാണ്. ഇപ്പോഴിതാ പുറത്തിറങ്ങി 20 വർഷത്തിന് ശേഷം സച്ചിൻ വീണ്ടും റിലീസ് ചെയ്യുകയാണ്. ചിത്രം ഇന്നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ചിത്രം ബുക്ക് മൈ ഷോ വഴി 75000ന് മുകളിൽ ടിക്കറ്റുകൾ വിറ്റെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗംഭീര റിലീസാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. പുത്തൻ റിലീസുകളെക്കാൾ കൂടുതൽ തിയേറ്ററുകളും സ്‌ക്രീനുകളുമാണ് സച്ചിന് ലഭിച്ചിരിക്കുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്ക് എക്സ്ട്രാ ഷോകൾ സംഘടിപ്പിക്കുന്ന കാഴ്ചയാണുണ്ടാകുന്നത്. ഇതുവരെ അഡ്വാൻസ് ബുക്കിങ്ങിൽ നിന്ന് മാത്രം ചിത്രം 12 ലക്ഷത്തോളം നേടിയെന്നാണ് കണക്കുകൾ. ആദ്യ ദിനം 50 ലക്ഷത്തിന് മേൽ നേട്ടം സച്ചിന് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

മുൻപ് വിജയ് ചിത്രമായ ഗില്ലി റീ റിലീസ് ചെയ്തപ്പോഴും സമാനമായ വരവേൽപ്പായിരുന്നു ലഭിച്ചത്. ചിത്രം നാല് കോടിയായിരുന്നു ആദ്യ ദിനം നേടിയത്. ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസിനിടെ രജനികാന്തിൻ്റെ ചന്ദ്രമുഖിയോടും കമൽഹാസൻ്റെ മുംബൈ എക്‌സ്പ്രസിനോടും ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.

Content Highlights: Sachein re release gets good advance bookings

dot image
To advertise here,contact us
dot image