ലഹരിയടിമകളും, സ്ത്രീ പീഡകരും കാമറയുടെ മുന്നിലും പിന്നിലുമുണ്ട്, അവരെ ഒഴിവാക്കണം: വേണു കുന്നപ്പിള്ളി

'35 ദിവസം കൊണ്ട് ചിത്രീകരണം തീർക്കേണ്ടിയിരുന്ന ഒരു സിനിമ, ലഹരി ഉപയോഗിക്കുന്ന ഒരു യുവനടൻ കാരണം 120 ദിവസം ആയത്രേ'

dot image

മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് കുറിപ്പ് പങ്കുവച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി. ലഹരി ഉപയോഗിക്കുന്ന ഒരു യുവനടൻ കാരണം 35 ദിവസം കൊണ്ട് ചിത്രീകരണം തീർക്കേണ്ടിയിരുന്ന ഒരു സിനിമ 120 ദിവസം നീണ്ടപോയെന്ന് വേണു കുന്നപ്പിള്ളി . ലഹരിയടിമകളും, സ്ത്രീ പീഡകരും, ലൈംഗിക ചുവയോടെ സംസാരിക്കുന്നവരും മലയാള സിനിമയിലുണ്ടെന്നും അവരെയൊക്കെ കാമറയുടെ മുന്നിലും പിന്നിലും കാണാമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വേണു കുന്നപ്പിള്ളി പറഞ്ഞു.

വേണു കുന്നപ്പിള്ളിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം :

വീണ്ടുമിതാ ചില സിനിമാ ലഹരി വിവാദങ്ങൾ. വർഷത്തിൽ ഇടക്കെല്ലാം വന്നും, പോയുമിരിക്കുന്ന ഇതുപോലുള്ള വാർത്തകൾ കേട്ട് ആരെങ്കിലും അതിശയിക്കുന്നുണ്ടോ? കൊല്ലങ്ങളായി നമ്മൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നത്, ലഹരിയുമായി ചേർന്ന് ഏതാനും ചിലയാളുകളുടെ പേരുകൾ മാത്രമാണ്. അതിൽ പെടാത്ത പേരുകളുമുണ്ടാകാം. എങ്കിലും അറിയപ്പെടുന്ന ലഹരി വീരന്മാരെ സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സിനിമാ അസോസിയേഷനുകളോ, പണം മുടക്കുന്ന നിർമ്മാതാവോ, സംവിധായകനോ വിചാരിച്ചാൽ സാധിക്കില്ലേ?

ഇന്ന് കണ്ട ഒരു വാർത്തയിൽ, 35 ദിവസം കൊണ്ട് ചിത്രീകരണം തീർക്കേണ്ടിയിരുന്ന ഒരു സിനിമ, ലഹരി ഉപയോഗിക്കുന്ന ഒരു യുവനടൻ കാരണം 120 ദിവസം ആയത്രേ!!! എന്നും ലഹരിവാർത്തയിൽ നിറഞ്ഞു നിൽക്കുന്നവരെ വെച്ച് വീണ്ടും സിനിമയെടുക്കുന്ന നിർമാതാവിനെയോർത്ത് സഹതപിക്കയല്ലാതെ എന്ത് ചെയ്യാൻ. കുറേയേറെ ലഹരിയടിമകളും, സ്ത്രീ പീഡകരും, ലൈംഗിക ചുവയോടെ സംസാരിക്കുന്നവരും മലയാള സിനിമയിലുണ്ട്, ക്യാമറയുടെ മുന്നിലും, പിന്നിലുമായിവരെ കാണാം.

ഒരു സിനിമ തുടങ്ങുന്നതിന് മുന്നോടിയായുള്ള ചർച്ചയിൽ തന്നെ, നിർമിതാവും ഡയറക്ടറുമെല്ലാം ചേർന്ന് പൂർണ്ണമായും ഇതുപോലുള്ളവരെ ഒഴിവാക്കിയാൽ, സീസണായി വന്നുകൊണ്ടിരിക്കുന്ന കുറേ സിനിമാക്കഥകളും, വാർത്തകളും ഒഴിവാക്കാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ അഹങ്കാരം മൂത്ത് അന്യഗ്രഹത്തിൽ നിന്ന് വന്നവരെപ്പോലെ പെരുമാറുന്നവന്മാരേയും തീർത്തും സിനിമകളിൽ നിന്ന് ഒഴിവാക്കണമെന്നാണ് എൻറെ എളിയ അഭിപ്രായം.

ജനങ്ങളാണ് വിധി കർത്താക്കളെന്ന് പൂർണ്ണ ബോധ്യമുള്ളപ്പോൾ പിന്നെ ടാലൻറുള്ള സംവിധായകനും നിർമാതാവും എന്തിനാണീ അന്യഗ്രഹ ജീവികളെ പേടിക്കുന്നത് ? മേൽപ്പറഞ്ഞ ജാതി ടീമുകളെ തീർത്തും സിനിമയിൽ നിന്നും അകറ്റി നിർത്താൻ സംവിധായകനും, നിർമാതാവും
തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഇന്ന് മലയാളം സിനിമയിലുള്ളൂ. ചങ്കുറപ്പോടെ തീരുമാനിക്കണമെന്നു മാത്രം.

കഴിഞ്ഞ ദിവസമായിരുന്നു ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതിയുമായി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നൽകുകയായിരുന്നു. 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്.

Content Highlights: Producer Venu Kunnappilli comments on malayala cinema's drug use

dot image
To advertise here,contact us
dot image