
ബോളിവുഡിലെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവാണ് ആമിർ ഖാൻ്റേത്. മികച്ച സിനിമകളിലൂടെയും അഭിനയ പ്രകടനങ്ങളിലൂടെയും 1000 കോടി നേടിയ ചിത്രങ്ങൾ ഉൾപ്പടെ വലിയ വിജയങ്ങളാണ് ആമിർ ഖാൻ നേടിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് സിനിമകൾ പരാജയപ്പെട്ടതോടെ ആമിർ അഭിനയത്തിൽ നിന്നൊരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ആമിർ ഖാന്റെ അടുത്ത ചിത്രമായ 'സിത്താരെ സമീൻ പർ' എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ഈ ഫാമിലി ഡ്രാമ ചിത്രം ജൂൺ 20 ന് റിലീസിനൊരുങ്ങുന്നു എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റും ഡബ്ബിങ്ങും ഇപ്പോൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പുറത്തുവന്നിരുന്നു. സിനിമയിൽ നിന്നുള്ള ആമിർ ഖാന്റെ സ്റ്റിലും അതിലുണ്ടായിരുന്നു. അജയ് ദേവ്ഗൺ ചിത്രമായ റെയ്ഡ് 2 വിനൊപ്പം മെയ് ഒന്ന് മുതൽ സിത്താരെ സമീൻ പറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
The real CINEMA is coming 🔥
— अपना Bollywood🎥 (@Apna_Bollywood) April 16, 2025
The perfectionist #AamirKhan with #SitaareZameenPar pic.twitter.com/aLUhewdtQm
ഒരു സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആമിർ ഖാനും കിരൺ റാവുവും ചേർന്നാണ്. 2007 ൽ ആമിർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'താരേ സമീൻ പർ' എന്ന ചിത്രത്തിന്റെ സ്പിരിച്വൽ സീക്വലായി പുറത്തിറങ്ങുന്ന സിത്താരെ സമീൻ പറിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആമിർ ഖാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു 'താരേ സമീൻ പർ'. ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ചിത്രമായി ഒരുങ്ങിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
Content Highlights: Sitaare Zameer par starring Aamir Khan to release on June