
തമിഴ് താരം വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 മെയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് പുറത്തു വിട്ടു.
വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
എയ്‌സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ ചിത്രത്തിന്റെ ഒരു ടീസർ, ഇതിലെ ഒരു വീഡിയോ ഗാനം എന്നിവയും പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈനർ ആയാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, പശ്‌ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.
Content Highlights: Vijay Sethupathy movie Ace release date announced