
മികച്ച സിനിമകൾ കൊണ്ടും മേക്കിങ്ങും കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. സൂര്യയെ നായകനാക്കി ഒരുങ്ങുന്ന റെട്രോ ആണ് ഇനി പുറത്തിറങ്ങാനുള്ള കാർത്തിക്ക് സുബ്ബരാജ് ചിത്രം. വലിയ പ്രതീക്ഷയാണ് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രം മേയ് ഒന്നിന് പുറത്തിറങ്ങും. ഇപ്പോഴിതാ കാർത്തിക് സുബ്ബരാജിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
നടൻ ശിവകാർത്തികേയനുമായി കാർത്തിക് സുബ്ബരാജ് കൈകോർക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ശിവകാർത്തികേയനോട് സുബ്ബരാജ് കഥ പറഞ്ഞെന്നും റെട്രോയുടെ റിലീസിന് പിന്നാലെയാകും ചിത്രത്തിനെപ്പറ്റിയുള്ള മറ്റു കാര്യങ്ങൾ തീരുമാനിക്കുകയെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരാണ് ചിത്രം നിർമിക്കുന്നതിനെപ്പറ്റി തീരുമാനമായിട്ടില്ല. അതേസമയം, റെട്രോയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമാകും റെട്രോയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ട്രെയ്ലറിലെ മലയാളി സാനിധ്യം കേരളത്തിലെ ആരാധകരും സിനിമയെ ആഘോഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ജോജു ജോർജുവിന്റെയും ജയറാമിന്റെയും പ്രകടനങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ജയറാം ഫൺ മൂഡിലാണെങ്കിൽ ജോജു കട്ട കലിപ്പിലാണ്. സ്വാസികയും സുജിത് ശങ്കറും സിനിമയുടെ ഭാഗമാണ്. മലയാളികളുടെ പ്രിയപ്പെട്ട അൽഫോൻസ് പുത്രൻ ആണ് റെട്രോയുടെ ട്രെയ്ലർ എഡിറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, എആർ മുരുഗദോസ് ഒരുക്കുന്ന മദ്രാസി ആണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ ചിത്രം. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.
Content Highlights: karthik Subbaraj to join hands with Sivakaarthikeyan for next film