
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. സിനിമയിലെ പുറത്തുവിട്ട 'കണിമാ' എന്ന ഗാനം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരുന്നു. ഇൻസ്റ്റാഗ്രാം റീൽസിൽ തരംഗമായ ഈ ഗാനം ചിമ്പുവും ജ്യോതികയും അഭിനയിച്ച മന്മദൻ എന്ന സിനിമയിലെ 'എൻ ആസൈ മൈഥിലിയെ' എന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്ന് സിനിമയുടെ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ.
എൻ ആസൈ മൈഥിലിയെ എന്ന ഗാനത്തിലെ ഇൻസ്ട്രുമെന്റേഷൻ, സൗണ്ട് മിക്സ് ശൈലി മുതലായവയാണ് കണിമാ ഗാനത്തിന് പ്രചോദനമായതെന്നും പാട്ടിനായി ഒരു പ്രത്യേക ബ്രേക്ക്ഡൗൺ വീഡിയോ ഉടൻ ചെയ്യുമെന്നും സന്തോഷ് നാരായണൻ പറഞ്ഞു. 2004 ൽ
എ ജെ മുരുഗൻ സംവിധാനത്തിലെത്തിയ ചിത്രമാണ് മന്മദൻ. സിനിമയിലെ എൻ ആസൈ മൈഥിലിയെ എന്ന ഗാനം അന്ന് ഹിറ്റായിരുന്നു.യുവാൻ ശങ്കർ രാജയാണ് പാട്ടിന് സംഗീതം നൽകിയത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിമ്പുവും സുചിത്രയും ചേർന്നാണ്.
"Kanimaa song from #Retro was inspired from "En Aasi Maithiliye" song🎶. Instrumentation, Sound Mix style, etc has been inspired🤝. Will do a seperate breakdown video for the song soon⌛"
— AmuthaBharathi (@CinemaWithAB) April 22, 2025
- Santosh Narayanan pic.twitter.com/qd70PEFlls
അതേസമയം, റെട്രോയിൽ വിവേക് രചന നിർവഹിച്ച കണിമാ ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ദി ഇന്ത്യൻ കോറൽ എൻസെംബിളും ചേർന്നാണ്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Santosh Narayanan says that the song 'Kanima' from Retro was inspired by Jyothika's film